'പ്രകോപന പ്രസംഗം': അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്‌

Update: 2024-06-14 14:14 GMT
Advertising

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്, കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍ എന്നിവരെ ഭീകരപ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരം പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അനുമതി നല്‍കി.

2010 ഒക്‌ടോബറില്‍ സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2023 ഒക്‌ടോബറില്‍ ഇരുവര്‍ക്കുമെതിരെ ഐ.പി.സി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

2010 ഒക്‌ടോബര്‍ 21ന് 'ആസാദി-ദെ ഒണ്‍ലി വേ' എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും പ്രതികള്‍ പ്രസംഗിച്ചെന്നാണ് ആരോപണം.

വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡൽഹി പൊലീസ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിയത്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News