രാജിപ്രഖ്യാപിച്ച് അരവിന്ദ് കെജ്‍രിവാൾ; 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയും

രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരും

Update: 2024-09-15 09:52 GMT
Advertising

ഡൽഹി: മദ്യനയ അഴിമതി​ക്കേസിൽ സുപ്രിം കോടതി ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങിയ ഡൽഹി മു​ഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രാജിപ്രഖ്യാപിച്ചു. രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നായിരുന്നു ആംആദ്മി നേതാവ് കൂടിയായ അരവിന്ദ് കെജ്‍രിവാളിന്റെ പ്രഖ്യാപനം. ഡൽഹിയിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പ്രഖ്യാപനം.

ഇനിയെന്ത് വേണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തെരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  താൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ.  തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാകക്ഷി യോഗം ചേരും.  അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ് രിവാൾ പറഞ്ഞു.

ബ്രിട്ടീഷ് ഭരണത്തേക്കാൾ മോശമാണ് നിലവിലെ കേന്ദ്രസർക്കാരിന്റെ ഭരണം. എവിടെയൊക്കെ ബിജെപി പരാജയപ്പെടുന്നു അവിടുത്തെ മുഖ്യമന്ത്രിമാരെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ് അവർ. തന്നെ ജയിലിൽ ഇട്ടതിന്റെ ഉദ്ദേശം പാർട്ടിയെ തകർക്കുക എന്നതായിരുന്നു. അതിനായി ഇഡി, സിബിഐ എല്ലാത്തിനെയും അവർ വിലയ്ക്ക് വാങ്ങി.

പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു. പിണറായി വിജയൻ, മമതാ ബാനർജി തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പരാമർശം.

വ്യാജ കേസുകൾ വരുമ്പോൾ രാജിവയ്ക്കുകയല്ല ഉറച്ച പോരാട്ടമാണ് വേണ്ടത്. തെറ്റ് ചെയ്തവർക്ക് ഭയപ്പെടേണ്ട ആവശ്യമുള്ളു. ഞങ്ങളുടെ സത്യസന്ധതയെ ബിജെപി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും രാജ്യത്തിന് വേണ്ടി എന്തേലും ചെയ്യാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News