കേന്ദ്ര ഓർഡിനൻസ്; പ്രതിപക്ഷ പാർട്ടികൾ കെജ്‌രിവാളിന് പിന്തുണ നൽകുമ്പോഴും നയം വ്യക്തമാക്കാതെ കോൺഗ്രസ്
സുപ്രിംകോടതി വിധി അട്ടിമറിക്കാൻ കൊണ്ട് വന്ന ഓർഡിനൻസിനെതിരെ കെജ്‌രിവാള്‍ മുഖ്യമന്ത്രിമാരെ കണ്ടു വരികയാണ്
ഡല്‍ഹി: കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണ നൽകുമ്പോഴും നയം വ്യക്തമാക്കാതെ കോൺഗ്രസ്. സുപ്രിംകോടതി വിധി അട്ടിമറിക്കാൻ കൊണ്ട് വന്ന ഓർഡിനൻസിനെതിരെ കെജ്‌രിവാള്‍ മുഖ്യമന്ത്രിമാരെ കണ്ടു വരികയാണ്. കോൺഗ്രസ് അധ്യക്ഷൻ കെജ്‌രിവാളിനു അപ്പോയമെന്‍റ് പോലും നൽകിയിട്ടില്ല.
ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ബില്ല് ആയി എത്തുമ്പോൾ പരാജയപ്പെടുത്തണം എന്ന്നാണ് കെജ്‌രിവാളിന്‍റെ അഭ്യർത്ഥന. കക്ഷി ബലം അനുസരിച്ചു ലോക്‌സഭയിലെ പോലെ രാജ്യസഭയിൽ ബില്ല് പാസാക്കി എടുക്കാൻ ബി.ജെ.പിക്ക് കഴിയില്ല.ബില്ലിനെതിരെ ബിജെപി വിരുദ്ധ പാർട്ടികളുടെ കൂട്ടായ്മയാണ് ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത,ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ,തെല്ലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരെ സന്ദർശിച്ചിരുന്നു. ശരത് പവാർ,ഉദ്ധവ് താക്കറെ എന്നിവരെ കണ്ടതിന് ശേഷമാണു കോൺഗ്രസ് നേതാക്കളെ കാണുമെന്നു മാധ്യമങ്ങളെ അറിയിച്ചത്.അധ്യക്ഷൻ മല്ലുകാർജ്ജുന ഖാർഗെ,മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരെ കാണാനായി അപ്പോയമെന്‍റ് ചോദിച്ചത്.രണ്ടു ദിവസം കഴിഞ്ഞിട്ടും അപ്പോയമെന്‍റ് നൽകിയിട്ടില്ല. ഡൽഹി,പഞ്ചാബ് പി.സി.സി കളുടെ എതിർപ്പ് മൂലമാണ് കേന്ദ്രനേതൃത്വത്തിനും ആം ആദ്മി അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയാത്തത്.