ഡൽഹിയിൽ ഡി.ടി.സി ഇലക്ട്രിക് ബസുകൾ ഇന്നുമുതൽ നിരത്തിൽ

മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഫ്‌ളാഗ് ഓഫ് ചെയ്യും

Update: 2022-01-17 03:36 GMT
Editor : Lissy P | By : Web Desk
Advertising

വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടി രാജ്യതലസ്ഥാനത്ത് ഇന്നുമുതൽ ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ (ഡി.ടി.സി) ഇലക്ട്രിക് ബസുകൾ ഓടി തുടങ്ങും. ആദ്യ ബസിന്റെ ഉദ്ഘാടനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ദ്രപ്രസ്ഥ ഡിപ്പോയിൽ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ചടങ്ങിൽ പങ്കെടുക്കും. ഫെബ്രുവരി മുതൽ കൂടുതൽ ഡിടിസി ബസുകൾ നിരത്തിലേക്കിറങ്ങും.

ഈ മാസം ആദ്യം എത്തിയ പ്രോട്ടോടൈപ്പ് ബസ് പ്രഗതി മൈതാനിൽ നിന്ന് ഐടിഒ, സഫ്ദർജംഗ്, ആശ്രമം വഴി ഐപി ഡിപ്പോ വരെയാണ് സർവീസ് നടത്തുന്നത്. ഏകദേശം 27 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടാണിത്. ജെബിഎം ഓട്ടോ ലിമിറ്റഡാണ് ഇലക്ട്രിക് ബസ് നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഏകദേശം 50 ബസുകളാണ് നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. ശേഷം എല്ലാ മാസവും ഏകദേശം 50 ബാച്ചുകളായി ഇ-ബസുകൾ ചേർക്കുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.

ഇ-ബസുകൾക്കായി ഡൽഹി സർക്കാർ ബസ് ഡിപ്പോകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. കൂടാതെ ഡിടിസിക്കായി നാല് ഹൈബ്രിഡ് ബസ് ഡിപ്പോകൾ നിർമ്മിക്കും. ഇത് ഇലക്ട്രിക്, സി.എൻ.ജി ബസുകൾക്ക് കൂടി പ്രയോജനപ്പെടുന്നതായിരിക്കും. സുഭാഷ് പ്ലേസ് ഡിപ്പോ, രാജ്ഘട്ട് ഡിപ്പോ, ഹസൻപൂർ ഡിപ്പോ, ബവാന എന്നിവടങ്ങളിലാണ് ഹൈബ്രിഡ് ബസ് ഡിപ്പോകൾ നിർമിക്കുന്നത്. ഡൽഹിയിൽ ഇ-ബസുകൾ ഉൾപ്പെടുത്താനുള്ള പദ്ധതി 2018 ജൂലൈയിലാണ് പ്രഖ്യാപിച്ചത്.

അതിനിടെ പൊതുജനങ്ങളുടെ സഞ്ചാരം കൂടുതൽ മെച്ചപ്പെടുത്താനായി 100 ലോ ഫ്‌ളോർ എ.സി സി.എൻ.ജി ബസുകളും കേജരിവാൾ വെള്ളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഇതോടെ പൊതുഗതാഗത ബസുകളുടെ എണ്ണം 6,900 ആയി ഉയർന്നു.പുതിയ എ.സി സി.എൻ.ജി ബസുകൾ ഡൽഹിയിലെ ഘുമാൻഹേര ഡിപ്പോയിൽ നിന്ന് തുടങ്ങി ഡൽഹിയിലെ ഗ്രാമീണ മേഖലകളിലെ ഒമ്പത് ക്ലസ്റ്റർ ബസ് റൂട്ടുകളിലാണ് സർവീസ് നടത്തുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News