ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി ബി.ജെ.പി.യിൽ
ഏപ്രിൽ 28നായിരുന്നു അരവിന്ദർ സിങ് ലൗലി ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്
ന്യൂഡൽഹി: ഡൽഹി മുൻ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. രണ്ടാം തവണയാണ് അരവിന്ദർ ബി.ജെ.പിയിൽ ചേരുന്നത്. ഏപ്രിൽ 28നായിരുന്നു അരവിന്ദർ സിങ് ലൗലി ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ സാന്നിധ്യത്തിലാണ് അരവിന്ദറിന്റെ ബി.ജെ.പി പ്രവേശനം.
2017ലും അരവിന്ദർ സിങ് ലൗലി ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നേതൃമാറ്റം. ഒമ്പത് മാസം ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ച ശേഷം കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷസ്ഥാനം അരവിന്ദർ സിങ് ലൗലി രാജിവെച്ചത്. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിൽ ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നുവെന്ന് അരവിന്ദർ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് എ.എ.പി രൂപീകരിച്ചത്. ഇവരുമായുള്ള സഖ്യത്തെ ഡൽഹി കോൺഗ്രസ് എതിർത്തു. എന്നിട്ടും സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.