കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ നീതിക്കുവേണ്ടി പരക്കം പായുമ്പോള്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; രൂക്ഷവിമർശനവുമായി ടിഎംസി

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളുടെ ഉത്തരവാദിത്തം ബിജെപിയുടെ ഐടി സെല്ലിനാണെന്നും ടിഎംസി

Update: 2024-09-05 10:51 GMT
Advertising

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോണ്‍ഗ്രസ്. ഇരയ്ക്ക് നീതി ഉറപ്പാക്കാൻ പ്രവർത്തികേണ്ടതിനു പകരം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രിയും ടിഎംസി നേതാവുമായ ശശി പഞ്ജ വിമർശിച്ചു. മറ്റുള്ള പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന ക്രൂര നടപടി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെ ദുഃഖം വർധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും പഞ്ജ കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകൾക്കെതിരെയും ശശി പഞ്ജ ആഞ്ഞടിച്ചു. ബിജെപിയുടെ ഐടി സെല്ലാണ് ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും പഞ്ജ ആരോപിച്ചു. ഇരയുടെ മാതാപിതാക്കൾക്ക് നീതി തേടുക മാത്രമാണ് ലക്ഷ്യമെന്നും ഈ അവസരത്തിൽ വിഷയത്തെ രാഷ്ട്രീയവൽക്കരുതെന്നും അവർ അഭ്യർഥിച്ചു.

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നടപടിയെയും പഞ്ച ശക്തമായി അപലപിച്ചു. വിചിത്രമായ നടപടി ഇരയോടുള്ള അനീതിയാണെന്നും അവർ കുറ്റപ്പെടുത്തി. ഡോക്ടറുടെ മരണത്തിൽ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റവാളികളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തെ പഞ്ജ പിന്തുണച്ചു. ഡോക്ടർമാരുടെ സമരം ന്യായമാണെന്നും സമയമായെന്ന് തോന്നുമ്പോൾ അവർ ജോലിയിൽ തിരികെയെത്തുമെന്നും പഞ്ജ കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ടിഎംസി നേതാവുമായ ബ്രത്യ ബസു പറഞ്ഞു. അന്വേഷണത്തിൽ സിബിഐയുടെ മെല്ലെപ്പോക്കിനേയും തെളിവുകളിൽ കൃത്രിമം നടന്നു എന്ന ബിജെപിയുടെ ആരോപണത്തേയും അദ്ദേഹം ചോദ്യം ചെയ്തു.

അതിനിടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ രംഗത്തുവന്നിരുന്നു. മകൾ കൊല്ലപ്പെട്ടത് മറച്ചുവെക്കാനും, അതിവേഗം മകളുടെ മൃതദേഹം സംസ്‌കരിച്ച് കേസ് ഒതുക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി തരാൻ ശ്രമിച്ചെന്നും പെൺക്കുട്ടിയുടെ അച്ഛൻ പറഞ്ഞു. വെളിപ്പെടുത്തലിനുപിന്നാലെ പല ഭാഗങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ഓഗസ്റ്റ് 9നാണ് ആർ. ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ലൈംഗിക പീഡനം സംഭവച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News