ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു

Update: 2022-04-18 07:38 GMT
Advertising

ഡല്‍ഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ കേന്ദ്ര സഹമന്ത്രി അജയ്‍ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. വാദികളുടെ ഭാഗം കേൾക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹരജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാന്‍ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്‍റെയും കുടുംബങ്ങളാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.  പൊലീസ് തയ്യാറാക്കിയ എഫ്ഐആറിനെ പരമമായ സത്യമായി കണ്ട് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്‍റെയും കുടുംബങ്ങൾക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ അലഹാബാദ് ഹൈക്കോടതി ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി. ജാമ്യാപേക്ഷയ്ക്കെതിരെ അപ്പീൽ നൽകാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും സുപ്രിംകോടതി നടപടി തിരിച്ചടിയായി. ആശിഷ് മിശ്രയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച യു.പി സർക്കാർ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന വാദം കൂടി മുന്നോട്ട് വച്ചിരുന്നു.

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യു.പി സർക്കാരിന് കത്തെഴുതിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടും ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിന്റെ ശിപാർശയും സുപ്രിംകോടതി ഉത്തരവിൽ നിർണായകമായി. സാക്ഷികൾക്ക് ഭീഷണിയായതിനാൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് കര്‍ഷക കുടുംബങ്ങള്‍ വാദിച്ചു. കഴിഞ്ഞ മാസം ഒരു സാക്ഷി ആക്രമിക്കപ്പെട്ടു, അടുത്തിടെ നടന്ന യു.പി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ചൂണ്ടിക്കാട്ടി അക്രമികൾ ഭീഷണി മുഴക്കിയെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കര്‍ഷകര്‍ക്കായി ഹാജരായത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേ ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് സൂര്യകാന്തുമാണ് ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നത്.

കേന്ദ്രത്തിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ മൂന്നിനായിരുന്നു സംഭവം.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News