രാഹുൽ ഗാന്ധിക്ക് സിഐഡി സമൻസ്
രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം
ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി(ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ) സമൻസ്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം.
രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെൻ്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ബിവി ശ്രീനിവാസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ചുമതലയുള്ള കനയ്യ കുമാർ എന്നിവർക്കും സമൻസ് അയച്ചു.
നിർദേശപ്രകാരം സിഐഡിക്ക് മുന്നിൽ ഹാജരാകുമെന്ന് അസം കോൺഗ്രസ് പ്രതികരിച്ചു.എന്നാൽ, സമൻസിൽ പരാമർശിച്ചിരിക്കുന്ന നേതാക്കളാരും ഏതെങ്കിലും തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. “അവർ സംസ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അപ്പീൽ നൽകാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അവർ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) രൂപീകരിച്ചു, ഇപ്പോൾ സിഐഡി ഞങ്ങളെ വിളിച്ചുവരുത്തി. അവർക്ക് എല്ലാ കേസുകളും ഒരുമിച്ച് ചേർക്കാനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനും കഴിയും,” അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.
ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയത്. ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത് ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം.