രാജ്യത്തെ പിടിച്ചുകുലുക്കാൻ പൗരത്വ പ്രക്ഷോഭം 2.0 വരുന്നു; അസമിൽ പുതിയ നീക്കങ്ങൾ

അസമിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബർ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്

Update: 2021-11-25 16:45 GMT
Editor : Shaheer | By : Web Desk
Advertising

കർഷകരുടെ കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിറകെ പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരായ സമരവും പുനരാരംഭിക്കാൻ നീക്കം. അസമിലെ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളുമാണ് ഇടവേളയ്ക്കുശേഷം പൗരത്വസമരം കൂടുതൽ കരുത്തോടെ സജീവമാക്കാൻ ഒരുങ്ങുന്നത്. അസമിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബർ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

പുതിയ തന്ത്രങ്ങളുമായി അഖിൽ ഗൊഗോയി

ഒന്നാംഘട്ടത്തിൽ അസമിലെ പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ക്രിഷക് മുക്തി സംഗ്രാം സമിതി(കെഎഎസ്എസ്), ആൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(എഎഎസ്‌യു), അസം ജാതീയതാവാദി യുവചത്ര പരിഷദ്(എജെവൈസിപി), രായ്‌ജോർ ദൾ, അസം ജാതീയ പരിഷദ്(എജെപി) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് യുഎപിഎ കേസിൽ കുറ്റവിമുക്തനായി ജയില്‍മോചിതനായി പുറത്തെത്തിയ സ്വതന്ത്ര എംഎൽഎ അഖിൽ ഗൊഗോയിയാണ് രണ്ടാംഘട്ട സമരത്തിനുള്ള ആസൂത്രണത്തിന് നേതൃത്വം നൽകുന്നത്. രായ്‌ജോർ ദൾ അധ്യക്ഷനും കെഎംഎംഎസ് അധ്യക്ഷനും കൂടിയായ അഖിൽ ഗൊഗോയി തന്നെയാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.


രാജ്യം ഏകാധിപത്യ ഫാസിസ്റ്റ് വഴിയിലൂടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കർഷകസമരമാണ് നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് തുടക്കം കുറിച്ചതെന്നാണ് ഞാൻ കരുതുന്നത്. രാജ്യംകണ്ട ചരിത്രപരമായൊരു മുന്നേറ്റമാണത്. സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് ഒരു വർഷവും ഏഴ് മാസവുമാണ് എനിക്ക് ജയിലിൽ കഴിയേണ്ടിവന്നത്. എൻഐഎ എന്നെയും എന്റെ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. സിഎഎ പ്രക്ഷോഭം പുനരാരംഭിക്കണമെന്നാണ് കരുതുന്നത്. ഈ നിയമം തീർത്തും ഭരണഘടനാവിരുദ്ധവും നമ്മുടെ ജനാധിപത്യത്തിനു വിരുദ്ധവുമാണ്-അഖിൽ ഗൊഗോയി പറഞ്ഞു.

കർഷസമരത്തിൽനിന്ന് പ്രചോദനം

2019 ഡിസംബറിൽ ആരംഭിച്ച സിഎഎ വിരുദ്ധ സമരം രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്നാണ് താൽക്കാലികമായി നിർത്തിവച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഷാഹിൻബാഗ് സമരവേദി കേന്ദ്രീകരിച്ച് നടന്ന പൗരത്വവിരുദ്ധ പ്രക്ഷോഭം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാസങ്ങളോളം കൊടുമ്പിരികൊണ്ടു. അസമിലായിരുന്നു സമരത്തിന്റെ ഏറ്റവും ശക്തമായ രൂപം കണ്ടത്.

ഇപ്പോൾ, കർഷകസമരത്തിന്റെ വിജയത്തിന്റെ കൂടി പ്രചോദനം ഉൾക്കൊണ്ടാണ് ഇതേ അസമിൽനിന്നു തന്നെ പൗരത്വ പ്രക്ഷോഭം രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാൻ പോകുന്നത്. സമരത്തിന്‍റെ ആസൂത്രണങ്ങൾ അസമിലെ പ്രാദേശികസംഘടനകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.


കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചത് സിഎഎ വിരുദ്ധ സമരം കൂടുതൽ ശക്തമായി തിരിച്ചുവരേണ്ടതിന്റെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണെന്ന് എജെപി അധ്യക്ഷനും എഎഎസ്‌യു മുൻ ജനറൽ സെക്രട്ടറിയുമായ ലൂറിൻജ്യോതി ഗൊഗോയി പറയുന്നു. സിഎഎ പിൻവലിക്കുന്നതുവരെ പോരാടാൻ അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനത പ്രതിജ്ഞാബദ്ധരാണെന്നാണ് എഎഎസ്‌യു മുഖ്യ ഉപദേഷ്ടാവ് സമുജ്ജൽ ഭട്ടാചാര്യ പ്രതികരിച്ചത്.

Summary: Assam organisations plan to resume anti-Citizenship Amendment Act (CAA) movement after Centre's decision to repeal farm laws amid fierce protests by farmers. Political parties and social organizations have decided to resume the strike on December 10, which is observed as Martyrs' Day in Assam.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News