കാൻസർ ബാധിച്ച് ഭാര്യ മരിച്ചു; അസം ഹോം സെക്രട്ടറി ഐ.സി.യുവിൽ ജീവനൊടുക്കി

ഭാര്യ ദീർഘനാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു

Update: 2024-06-19 04:35 GMT
Editor : Lissy P | By : Web Desk
Advertising

ഗുവാഹത്തി: കാൻസർ ബാധിച്ച് ഭാര്യ മരിച്ച ദുഃഖം താങ്ങാനാകാതെ ഭർത്താവ് ആശുപത്രിയുടെ ഐ.സി.യുവിൽ ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറി സിലാദിത്യ ചേതിയെയാണ് ആശുപത്രിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ദീർഘനാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സർവീസ് തോക്ക് ഉപയോഗിച്ചാണ് സിലാദിത്യക്ക് വെടിയേറ്റതെന്നും പൊലീസ് പറയുന്നു.

ഭാര്യയുടെ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി സിലാദിത്യ ചേതിയ അവധിയിലായിരുന്നു. നില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യ മരിച്ചു. ഭാര്യക്ക് വേണ്ടി തനിക്ക് പ്രാർഥിക്കണമെന്നും കൂടെയുണ്ടായിരുന്ന ഡോക്ടറോടും നഴ്‌സിനോടും കുറച്ച് നേരം പുറത്തിറങ്ങി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഇരുവരും വെടിയൊച്ച കേട്ട് എത്തി നോക്കിയപ്പോഴും സിലാദിത്യ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

അസമിലെ ടിൻസുകിയ, സോനിത്പൂർ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി ചേതിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അസം പൊലീസിന്റെ നാലാം ബറ്റാലിയന്റെ കമാൻഡന്റും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News