ഇൻഡ്യാ മുന്നണി ചിതറിയപ്പോൾ കോൺഗ്രസ് തോറ്റു; ഒരുമിച്ചാൽ ജയിക്കാമെന്നു കണക്കുകൾ
പലയിടത്തും കോൺഗ്രസ് തോറ്റത് രണ്ടായിരത്തിൽ താഴെ വോട്ടിനായിരുന്നു. ഇതേയിടങ്ങളില്‍ ഇന്‍ഡ്യ മുന്നണിയിലെ ഘടകകക്ഷികള്‍ അതിലേറെ വോട്ടും പെട്ടിയിലാക്കിയിരുന്നു
ന്യൂഡല്‍ഹി: ഒരുമിച്ചുനിന്നാൽ ഇൻഡ്യാ സഖ്യത്തിന് ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വേറിട്ട് മത്സരിച്ചതാണ് മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മത്സരം എളുപ്പമാക്കിയത്. ഫലം പരിശോധിക്കുമ്പോഴാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നിൽ പ്രതീക്ഷയുടെ കണക്കുകൾ കൂടി തെളിയുന്നത്.
ഇൻഡ്യാ മുന്നണിയിലെ പാർട്ടികൾക്ക്, മുന്നണിയിൽ സീറ്റ് നൽകുകയും അവരെ കോൺഗ്രസ് ചേർത്തുനിർത്തുകയും ചെയ്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ഫലം സൂക്ഷ്മമമായി പരിശോധിക്കുമ്പോൾ വ്യക്തമാകും. മൂന്നു സംസ്ഥാനങ്ങളിലും 2,000ത്തിൽ താഴെ വോട്ടിനാണ് പല സീറ്റുകളും കോൺഗ്രസിന് കൈവിട്ട് പോയതും ബി.ജെ.പി നേടിയെടുത്തതും.
ഛത്തീസ്‌ഗഡിലെ ഖംകർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ ശങ്കർ ധ്രുവയെ ബി.ജെ.പി തോൽപ്പിച്ചത് വെറും 16 വോട്ടിനാണ്. അംബികാപൂരിൽ കോൺഗ്രസ് സ്ഥാനാർഥി ടി.എസ് ബാവ പരാജയപ്പെട്ടത് 94 വോട്ടുകൾക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഗോണ്ഡ്വാന ഗണതന്ത്ര പാർട്ടി മാത്രം നേടിയത് നാലായിരത്തിനു മുകളിൽ വോട്ടാണ്. 255 വോട്ടിനു രാം പുകർസിങ് തോറ്റ പതൽ ഗോണിൽ ആം ആദ്മി നേടിയത് 3675 വോട്ട്.
രാജസ്ഥാനിൽ 2,529 വോട്ടിന് കോൺഗ്രസ് തോറ്റ പാജ്പാദ്രയിൽ മൂന്നാം സ്ഥാനത്ത് എത്തിയ രാഷ്ട്രീയ ലോക്തന്ത്ര പാർട്ടി നേടിയത് 22,581 വോട്ടും ഭാരതീയ ട്രൈബൽ പാർട്ടി സ്വന്തമാക്കിയത് 3,030 വോട്ടും. 1,531 വോട്ടുകൾക്ക് തോറ്റ നഗറിൽ സമാജ്‌വാദി പാർട്ടി 2,215 വോട്ടും, 409 വോട്ടിന് കോൺഗ്രസ് പരാജയപ്പെട്ട കത്തൂമരിൽ ആം ആദ്മി 688 വോട്ടും നേടി. മധ്യപ്രദേശിലെ ഗുണൗരിൽ കോൺഗ്രസിലെ ജീവൻലാൽ സിദ്ധാർഥ് 1,160 വോട്ടുകൾക്ക് തോറ്റപ്പോൾ സമാജ്‌വാദി പാർട്ടി പെട്ടിയിലാക്കിയത് 3,892 വോട്ടായിരുന്നു . ഒരുമിച്ചുനിൽക്കേണ്ട ആവശ്യകതയെ കുറിച്ചാണ് സി.പി.ഐയും കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നത്.
മാസങ്ങൾക്കുള്ളിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പലയിടത്തും ജയിക്കാൻ കഴിയില്ലെങ്കിലും ഒരുമിച്ചുനിന്നാൽ നിരവധി സീറ്റുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നു കണക്കുകൾ വിളിച്ചുപറയുന്നു.
Summary: Figures show that the India alliance can defeat the BJP if it stands together. The fact that the parties, including the Congress, contested separately made it easier for the BJP to compete in all three states