പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും കുട്ടികള്‍; സ്ഥലംമാറിപ്പോകുന്ന അധ്യാപകനെ വിടാതെ വിദ്യാർത്ഥികൾ- വൈറൽ വിഡിയോ
2018ലാണ് ശിവേന്ദ്ര സ്‌കൂളിലെത്തുന്നത്. അതിനുശേഷം കുട്ടികളുടെ മനസറിഞ്ഞ അധ്യാപനരീതിയിലൂടെ വിദ്യാർത്ഥികളുടെ താരമാകുകയായിരുന്നു
ലഖ്‌നൗ: ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ വിട്ടുപിരിയുന്ന സങ്കടം കൊച്ചുകുട്ടികൾക്ക് എങ്ങനെ അടക്കിവയ്ക്കാനാകും. ആർത്തുകരഞ്ഞും പിടിച്ചുവച്ചും പ്രിയപ്പെട്ട അധ്യാപകനെ വിദ്യാർത്ഥികൾ യാത്രയാക്കുന്ന കാഴ്ചകൾ മുൻപും വാർത്തയായിരുന്നു. സമാനമായൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ചന്ദൗലിയിലുള്ള റായ്ഗഢ് പ്രൈമറി സ്‌കൂൾ സാക്ഷ്യംവഹിച്ചത്. മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറിപ്പോകുന്ന അധ്യപകനെ വിദ്യാർത്ഥികൾ കണ്ണുനീരോടെ യാത്രയാക്കുന്ന ദൃശ്യങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.
റായ്ഗഢ് പ്രൈമറി സ്‌കൂളിലെ നാലു വർഷത്തെ സേവനത്തിനുശേഷമാണ് ശിവേന്ദ്ര സിങ് മറ്റൊരു സ്ഥാപനത്തിലേക്ക് സ്ഥലംമാറിപ്പോകുന്നത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു സഹപ്രവർത്തകർ. എന്നാൽ, യാത്രയയപ്പ് ചടങ്ങ് വികാരനിർഭരമായ കാഴ്ചകളുടെ വേദിയായി മാറി.
പൊട്ടിക്കരഞ്ഞും നെഞ്ചത്തടിച്ചും കരഞ്ഞു കുട്ടികൾ. പലരും ശിവേന്ദ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പോകരുതെന്ന് അപേക്ഷിച്ച് ഉറക്കെ നിലവിളിച്ചു ചിലർ. കുട്ടികളുടെ സ്‌നേഹവായ്പ് കണ്ട് ശിവേന്ദ്രയ്ക്കും നിയന്ത്രണം നഷ്ടപ്പെട്ടു. വികാരം അണപൊട്ടിയൊഴുകി. ഒടുവിൽ, ഇനിയും തിരിച്ചുവരുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം കുട്ടികളെ അടക്കിനിർത്തിയത്. നന്നായി പഠിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കൂവെന്ന് അവരെ ഉപദേശിക്കുകയും ചെയ്തു.
2018ലാണ് ശിവേന്ദ്ര സ്‌കൂളിലെത്തുന്നത്. അതിനുശേഷം കുട്ടികളുടെ മനസറിഞ്ഞ അധ്യാപനരീതിയിലൂടെ വിദ്യാർത്ഥികളുടെ താരമാകുകയായിരുന്നു. ഗെയിമുകളിലൂടെയും സോഷ്യൽ മീഡിയ ഉപയോഗിച്ചുമെല്ലാമായിരുന്നു ശിവേന്ദ്രയുടെ അധ്യാപനരീതി. ഇതുകൊണ്ടെല്ലാം അദ്ദേഹം കുട്ടികളുടെ സ്വന്തം മാഷുമായിമാറി.
Summary: At UP teacher's farewell, students cry and refuse to let him go