അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം; യുക്തിവാദി നേതാവ് അറസ്റ്റിൽ

പരാമർശത്തിന് പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

Update: 2022-12-31 16:35 GMT
Advertising

ഹൈദരാബാദ്: അയ്യപ്പനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ യുക്തിവാദ നേതാവ് അറസ്റ്റിൽ. ബി.ജെ.പി, വിഎച്ച്പി നേതാക്കളിൽ നിന്നും പ്രതിഷേധമുയരുകയും കോൺ​ഗ്രസ് നേതാവുൾപ്പെടെ പരാതി നൽകുകയും ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഭാരതീയ നാസ്തിക സമാജം അധ്യക്ഷനായ ബൈരി നരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

അയ്യപ്പനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് വെള്ളിയാഴ്ച ബി നരേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ 19ന് വികാരാബാദ് ജില്ലയിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്യവെ നരേഷ് അയ്യപ്പനെക്കുറിച്ച് പരാമർശം നടത്തിയെന്നും ഭക്തരുടെയും ഹിന്ദുക്കളുടെയും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ആരോപണം.

ഹിന്ദു മതവികാരങ്ങളെ പരിഹസിക്കാനും അയ്യപ്പദീക്ഷയെടുക്കുന്ന ഭക്തരുടെ വികാരങ്ങളെ മനഃപൂർവം വ്രണപ്പെടുത്താനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് പരാമർശങ്ങൾ നടത്തിയതെന്ന് നടപടിക്കാധാരമായ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഐ.പി.സി 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം കോടങ്ങൽ പൊലീസാണ് കേസെടുത്തത്. പരാമർശത്തിന് പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

നരേഷ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാർ ആവശ്യപ്പെട്ടിരുന്നു. നരേഷിന് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാക്കളും രം​ഗത്തെത്തിയിരുന്നു.

ഇതു കൂടാതെ, കോൺഗ്രസ് നേതാവ് ഫിറോസ് ഖാനും പൊലീസിൽ പരാതി നൽകിയിരുന്നു. അയ്യപ്പനും ദീക്ഷയ്ക്കുമെതിരായ അധിക്ഷേപ പരാമർശത്തിൽ താൻ ബൈരി നരേഷിനെതിരെ പരാതി നൽകിയതായി ഖാൻ പറ‍ഞ്ഞു. നമ്പള്ളി പൊലീസ് സ്റ്റേഷനിലാണ് ഖാൻ പരാതി നൽകിയത്. ആരുടേയും പരാമർശങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും കോട്ടം തട്ടുന്നതാവരുതെന്ന് ഖാൻ വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News