100 ചോദിച്ചാല്‍ 500 തരുന്ന എടിഎം; ബാങ്കിന് നഷ്ടമായത് ലക്ഷങ്ങള്‍
18 ഇടപാടുകളിലായി 1,96,000 രൂപയാണ് ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ. ടി എം ഗാര്‍ഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്
അലിഗഡ്: എടിഎമ്മില്‍ ചെന്ന് 100 ചോദിച്ചാല്‍ 500 കിട്ടിയാല്‍ സന്തോഷമായിരിക്കുമല്ലേ? എന്നാല്‍ ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷമുള്ള കാര്യമല്ല അത്. ഉത്തര്‍പ്രദേശ്,അലിഗഡിലെ ഖൈര്‍ നഗരത്തിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിനാണ് തകരാര്‍ സംഭവിച്ചത്. സാങ്കേതിക തകരാര്‍ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
18 ഇടപാടുകളിലായി 1,96,000 രൂപയാണ് ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ. ടി എം ഗാര്‍ഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ നല്‍കിയത്. ഈ സാഹചര്യം മുതലെടുത്ത ചില ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്നും കൂടുതല്‍ പണം കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എ. ടി. എമ്മില്‍ സ്ഥാപിച്ചിരുന്ന സി. സി. ടി.വി കാമറകള്‍ പരിശോധിച്ചു അഞ്ച് പേരെ ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 500ന്‍റെ 2000 നോട്ടുകളാണ് ബാങ്ക് എ. ടി. എമ്മില്‍ നിറച്ചിരുന്നത്.
രണ്ട് ഉപഭോക്താക്കൾ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. ഒരു ഉപഭോക്താവ് 60,000 രൂപ അധികമായി നൽകിയപ്പോൾ മറ്റൊരാൾ 52,000 രൂപ അധികമായി എടുത്തു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്.