അസം അഡ്വക്കറ്റ് ജനറലിന്റെ ബിസിസിഐ നിയമനം; ചീഫ് ജസ്റ്റിസിന് കത്തയച്ച് ദേബബ്രത സൈകിയ

ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് ഇടക്കാല സെക്രട്ടറിയായി സൈകിയയെ നിയമിച്ചത്

Update: 2024-12-22 06:12 GMT
Advertising

ന്യൂഡൽഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കത്തയച്ച് അസം പ്രതിപക്ഷനേതാവ് ദേബബ്രത സൈകിയ. അസം അഡ്വക്കേറ്റ് ജനറൽ ദേവജിത് സൈകിയയെ ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചത് ഭരണഘടനാ പദവി വഹിക്കുന്നയാളുടെ ഗുരുതരമായ അവകാശ ലംഘനമാണെന്നാരോപിച്ചാണ് കത്ത്. 2021 മുതൽ അസം അഡ്വക്കേറ്റ് ജനറലാണ് ദേവജിത് സൈകിയ. 2022 ഒക്ടോബർ മുതൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ജോയിന്റ് സെക്രട്ടറിയുമാണ് ഇദ്ദേഹം.

മുൻ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് ഇടക്കാല സെക്രട്ടറിയായി സൈകിയയെ നിയമിച്ചത്. ഐസിസിയുടെ ഡയറക്ടർ ബോർഡിലെ ഇന്ത്യൻ പ്രതിനിധിയുമാണ് അദ്ദേഹം. ദേവജിത്തിനെ ബിസിസിഐ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത് അസം നിയമസഭയുടെ പ്രത്യേകാവകാശ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ കത്തിൽ ആരോപിച്ചു. അസം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ എന്നിവർക്കും കത്തിൻ്റെ പകർപ്പ് അയച്ചിട്ടുണ്ട്.

”അസമിന്റെ അഡ്വക്കേറ്റ് ജനറൽ ആയ അദ്ദേഹം ഐസിസി നിയമങ്ങൾ ലംഘിക്കുകയാണ്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുടെ വിദേശ എതിരാളികൾ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയുടെ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല. ഇത് ഇന്ത്യയുടെയും അസമിന്റെയും താൽപ്പര്യങ്ങളെ നിർണായകമായ വിട്ടുവീഴ്ചയുടെ സ്ഥാനത്ത് നിർത്തുന്നു”. കത്തിൽ പറയുന്നു. എന്നാൽ ​ദേബബ്രതയുടെ ആരോപണങ്ങളെ ദേവജിത് തള്ളി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News