'അയോധ്യ ബിജെപിയെ പിന്നിൽ നിന്ന് കുത്തി, രാജാവിനെ ഒറ്റിക്കൊടുത്ത ജനത'; വോട്ടർമാർക്കെതിരെ രാമായണം സീരിയലിലെ ലക്ഷ്‌മണൻ

അയോധ്യയിലെ ജനങ്ങളെ സ്വാർത്ഥരെന്ന് വിളിച്ച സുനിൽ ലാഹ്‌രി വോട്ടർമാരെ ആക്ഷേപിക്കുകയും ചെയ്തു

Update: 2024-06-06 13:48 GMT
Editor : banuisahak | By : Web Desk
Advertising

അഭിമാനമായി നേട്ടമായി കണക്കാക്കുന്ന ബാബരി മസ്‌ജിദ്‌ പൊളിച്ചുപണിത രാമക്ഷേത്രം മുൻനിർത്തിയാണ് അയോധ്യയിൽ ബിജെപി വോട്ടുതേടിയത്. പ്രതീക്ഷകൾ വാനോളമായിരുന്നുവെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ബിജെപിയും രാജ്യമെമ്പാടുമുള്ളവരും അയോധ്യയെ നോക്കി ഒരുപോലെ ഞെട്ടി. രാമക്ഷേത്രം തുണക്കുമെന്ന് കരുതിയെങ്കിലും വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ ബിജെപി വിയർത്തു. ഒടുവിൽ അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ്  മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിം​ഗ് പരാജയം ഏറ്റുവാങ്ങി. 

നിർമാണം പൂർത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്‌തെങ്കിലും അതൊന്നും തുണയായില്ല. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദാണ് മണ്ഡലത്തിൽ വിജയിച്ചത്. രാമക്ഷേത്രം വോട്ടായി മാറാത്തത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ രാമാനന്ദ് സാഗറിൻ്റെ ഐതിഹാസിക ടിവി ഷോയായ രാമായണത്തിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്‌രിയുടെ പ്രതികരണവും ശ്രദ്ധനേടി. 

ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാത്തതിൽ അയോധ്യയിലെ ജനങ്ങളോടുള്ള തൻ്റെ നിരാശ പരോക്ഷമായി പ്രകടിപ്പിച്ചുകൊണ്ടാണ് സുനിൽ ലാഹ്‌രി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയിലൂടെയായിരുന്നു ലാഹ്‌രിയുടെ വൈകാരിക പ്രകടനം. ബാഹുബലി ചിത്രത്തിൽ കട്ടപ്പ പിന്നിൽ നിന്ന് കുത്തുന്ന ഫോട്ടോയും ലാഹ്‌രി പങ്കുവെച്ചു. 

അയോധ്യയിലെ ജനങ്ങളെ സ്വാർത്ഥരെന്ന് വിളിച്ച ലാഹ്‌രി രാമക്ഷേത്രം നിർമ്മിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബിജെപിയെ മണ്ഡലത്തിൽ തെരഞ്ഞെടുക്കാത്തതിന് വോട്ടർമാരെ ആക്ഷേപിക്കുകയും ചെയ്തു. 'വനവാസത്തിൽ നിന്ന് മടങ്ങിയെത്തിയ സീതാദേവിയെ  സംശയിച്ച അതേ അയോധ്യ പൗരന്മാരാണെന്ന് ഞങ്ങൾ മറന്നു. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥർ. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചു എന്നതിന് ചരിത്രം തെളിവാണ്. അവരെയോർത്ത് ലജ്ജ തോന്നുന്നു'; ലാഹ്‌രി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചത് ഇങ്ങനെ. 

തൻ്റെ പ്രിയപ്പെട്ട രണ്ട് സ്ഥാനാർത്ഥികളായ കങ്കണ റണാവത്തും അരുൺ ഗോവിലും അതത് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിൽ സന്തോഷമുണ്ടെന്നും പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം പരാമർശിച്ചു. 'ഇപ്പോൾ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കും. പക്ഷേ, ഈ സർക്കാരിന് അഞ്ച് വർഷം സുഗമമായി പ്രവർത്തിക്കാൻ കഴിയുമോ? തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് ലാഹ്‌രി പറഞ്ഞു. വോട്ടിങ് വളരെ കുറവായിരുന്നു. രണ്ടാമത്തേത് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളും. നിരന്തരം ജനങ്ങളോട് വോട്ടുചെയ്യാൻ താൻ അഭ്യര്ഥിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും ലാഹ്‌രി പറഞ്ഞു. ഇദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 

Full View

സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദ്  54,567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫൈസാബാദിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ഒമ്പത് തവണ എം.എൽ.എയായിരുന്ന അവദേശ് ​പ്രസാദ് സമാജ്‍വാദി പാർട്ടിയുടെ ദലിത് മുഖമാണ്.

ഇതൊരു ചരിത്ര വിജയമാണെന്ന് അവദേശ് വ്യക്തമാക്കി. തന്നെ ജനറൽ സീറ്റിലാണ് അഖിലേഷ് യാദവ് മത്സരിപ്പിച്ചത്. ജാതിയും സമുദായവും നോക്കാതെ ജനങ്ങൾ തന്നെ പിന്തുണച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഭൂമി ഏറ്റെടുക്കൽ എന്നിവക്ക് പുറമെ ഭരണഘടന തിരുത്തുമെന്ന പ്രസ്താവനയെല്ലാം ബി.ജെ.പിയുടെ അസാധാരണ പരാജയത്തിന് കാരണമായെന്നും അവദേശ് പ്രസാദ് വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News