യോഗിക്കെതിരായ പ്രസംഗം: അസം ഖാനെ അയോഗ്യനാക്കി
ഇതേ കേസിൽ ഇന്നലെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി സ്പീക്കർ. ഇതേ കേസിൽ ഇന്നലെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വർഷം തടവും 25000 രൂപയുമായിരുന്നു ശിക്ഷ.
2019ലാണ് അസംഖാൻ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ റായ്പൂർ കോടതിയാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.
തട്ടിപ്പ് കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്ന അസം ഖാന് അടുത്തിടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകൾ അസംഖാനെതിരെ നിലവിലുണ്ട്.