നാലാം ജയം തേടിയിറങ്ങിയ ബദ്‌റുദ്ദീൻ അജ്മലിനെ വീഴ്ത്തി റാക്കിബുൽ ഹുസൈൻ; ഭൂരിപക്ഷം 10,12,476

എ.ഐ.യു.ഡി.എഫ് നേതാവായ ബദ്‌റുദ്ദീൻ അജ്മൽ 2009 മുതൽ ധുബ്രി എം.പിയാണ്.

Update: 2024-06-05 07:56 GMT
Advertising

ഗുവാഹതി: പാർലമെന്റിൽ നാലാം ഊഴം തേടി കളത്തിലിറങ്ങിയ എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മലിനെതിരെ കോൺഗ്രസ് സ്ഥാനാർഥിക്ക് ചരിത്ര വിജയം. 10,12,476 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിനാണ് അത്തർ രാജാവിനെ കോൺഗ്രസ് നേതാവായ റാകിബുൽ ഹുസൈൻ വീഴ്ത്തിയത്. സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് റാകിബ് ജയിച്ചുകയറിയത്.

അസം രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ബദ്‌റുദ്ദീൻ അജ്മൽ 2009 മുതൽ ധുബ്രി എം.പിയാണ്. റാകിബുൽ ഹസൻ 1,471,885 വോട്ട് നേടിയപ്പോൾ അജ്മലിന് 459,409 വോട്ട് മാത്രമാണ് നേടാനായത്. അസമിലെ 14 പാർലമെന്റ് സീറ്റിൽ മൂന്നിടത്താണ് എ.ഐ.യു.ഡി.എഫ് മത്സരിച്ചത്. മൂന്നിടത്തും പാർട്ടി പരാജയപ്പെട്ടു.

അജമലിന്റെ പ്രവർത്തനശൈലിയാണ് കൂറ്റൻ പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണക്കാരുമായി ഇടപെടുന്നതിലും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും അദ്ദേഹത്തിന് വേണ്ടത്ര മികവ് പുലർത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബി.ജെ.പി ശക്തമായ വർഗീയ പ്രചാരണവും മുസ്‌ലിം വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന സംസ്ഥാനത്ത് അതിനെതിരെ പൊതുവികാരം രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. അജ്മലിന്റെ തോൽവി അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാജയം എന്നതിലപ്പുറം എ.ഐ.യു.ഡി.എഫിനും കനത്ത തിരിച്ചടിയാണ്. പാർട്ടിയുടെ ജനകീയാടിത്തറ തിരിച്ചുപിടിക്കാൻ പുതിയ പ്രവർത്തനപദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട് എന്നത് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News