സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് വള വില്‍പനക്കാരന് നേരെ ആക്രമണം

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്

Update: 2021-08-23 06:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

വള വില്‍പനയുടെ മറവില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിന് നേരേ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകള്‍ കൂട്ടം ചേര്‍ന്ന് മർദിക്കുന്നതും സാധനങ്ങൾ നിലത്ത് എറിയുന്നതും യുവാവിനെ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ യുവാവിന്‍റെ കയ്യിലുണ്ടായിരുന്ന പണവും അക്രമികള്‍ തട്ടിയെടുത്തു.

ബംഗംഗ പ്രദേശത്തു വച്ചാണ് യുവാവിനെതിരെ ആക്രമണമുണ്ടായത്. ''അക്രമികള്‍ ആദ്യം എന്‍റെ പേരു ചോദിക്കുകയും പേരു വെളിപ്പെടുത്തിയതോടെ എന്നെ ഉപദ്രവിക്കുകയുമായിരുന്നു. അവർ എന്‍റെ കയ്യില്‍ നിന്ന് 10,000 രൂപയും കൊള്ളയടിക്കുകയും ഞാൻ കൊണ്ടുപോയ വളകളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു'' യുവാവ് പറഞ്ഞു.

വീഡിയോ വൈറലായതോടെ രാഷ്ട്രീയ നേതാക്കളും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഈ വീഡിയോ അഫ്ഗാനിസ്താനില്‍നിന്നല്ലെന്നും ശിവ് രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശില്‍നിന്നാണെന്നും കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി ട്വിറ്ററില്‍ കുറിച്ചു. വളകള്‍ വില്‍ക്കുന്ന ഒരു മുസ്ലീം യുവാവിന് നേരേയൊണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊള്ളയടിച്ചു. ഈ ഭീകരര്‍ക്കെതിരേ എപ്പോള്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തിനിരയായ യുവാവിന് നഷ്ടപരിഹാരവും നിയമസഹായവും നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സംഭവം മൂടിവെയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.'

ഇമ്രാന്‍ പ്രതാപ്ഗാര്‍ഹിയുടെ ആരോപണങ്ങളെ പൊലീസ് നിഷേധിച്ചു. എന്നാല്‍ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്വാലി പൊലീസ് സ്റ്റേഷന് പുറത്ത് ആളുകൾ തടിച്ചുകൂടിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ''ഞാനാ യുവാവിനോട് ഫോണില്‍ സംസാരിച്ചു. അയാളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട തുക ഞാൻ നൽകും. കൂടാതെ നിയമ സഹായത്തിനായി ഒരു അഭിഭാഷകനെയും നൽകും. തങ്ങള്‍ എപ്പോഴും യുവാവിനൊപ്പമാണെന്നും'' മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News