ബി.ബി.സി ഡോക്യുമെന്ററി: ജാമിഅ മില്ലിയ യൂണിറ്റ് എസ്.എഫ്.ഐ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്.
ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയാൻ ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു ചില വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഡോക്യുമെന്ററി പ്രദർശനം തീരുമാനിച്ചിരുന്നത്. കോളജ് പ്രദർശനത്തിന് അനുമതി നൽകിയിരുന്നില്ല. ഇത് മറികടന്ന് പ്രദർശനം നടത്തുമെന്നാണ് വിദ്യാർഥികൾ തീരുമാനിച്ചിരുന്നത്. സർവകലാശാലയുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടായാലും ഇന്ന് വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഇന്നലെ ജവഹർലാർ നെഹ്‌റു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ലാപ്‌ടോപ്പിലാണ് വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രദർശനത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എ.ബി.വി.പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.