ജഗദീപ് ധൻകർ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

മമത ബാനർജിയുമായുള്ള പരസ്യ പോരിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഗദീപ് ധൻകർ. കർഷകപുത്രനും ജനങ്ങളുടെ ഗവർണറുമാണ് ധൻകറെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു

Update: 2022-07-16 15:03 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.

ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തു നടന്ന പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കം പ്രമുഖർ സംബന്ധിച്ചിരുന്നു. എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുകയും ചർച്ചകള്‍ നടത്തുകയും ചെയ്ത ശേഷമാണ് ഒരു കർഷക പുത്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നാണ് നദ്ദ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ജനങ്ങളുടെ ഗവർണറാണ് ധൻകറെന്നും നദ്ദ കൂട്ടിച്ചേർത്തു.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളില്‍ ധന്‍കര്‍ ഉണ്ടായിരുന്നില്ല. രാജ്യസഭാ കാലാവധി തീര്‍ന്ന മുക്താർ അബ്ബാസ് നഖ്‌വി, കോണ്‍ഗ്രസ് വിട്ട അമരിന്ദർ സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരുടെ പേരുകള്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വാര്‍ത്തകളുണ്ടായിരുന്നത്. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള പരസ്യപോരിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഗദീപ് ധൻകർ. 2019ലാണ് ബംഗാൾ ഗവർണർ പദവി ഏറ്റെടുക്കുന്നത്. രാജസ്ഥാൻ സ്വദേശിയാണ്. നേരത്തെ ജനതാദൾ അംഗമായിരുന്ന ജഗദീപ് 1989-91 കാലയളവിൽ ലോക്‌സഭാ അംഗമായിരുന്നു. 1993ൽ രാജസ്ഥാനിലെ കിഷൻഗഢ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലുമെത്തി.

വെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് നായിഡുവിന്റെ കാലാവധി തീരുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ആഗസ്റ്റ് ആറിനു നടക്കും. തിങ്കളാഴ്ചയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം നടക്കുന്നത്.

Summary: Bengal Governor Jagdeep Dhankhar is NDA's Vice Presidential candidate

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News