ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചത് തടഞ്ഞു; ട്രാഫിക് പൊലീസുകാരന്റെ വിരൽ കടിച്ചുമുറിച്ച് യുവാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു
ബംഗളൂരു: ഹെൽമറ്റിടാത്തതിന് തടഞ്ഞ ട്രാഫിക് പൊലീസുകാരന്റെ വിരൽ കടിച്ച് മുറിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ്. ബംഗളൂരുവിലാണ് സംഭവം നടന്നത്.വിൽസൺ ഗാർഡൻ ഏരിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സംഭവത്തിൽ ബൈക്ക് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെൽറ്റ് ധരിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് സയ്യിദ് ഷാഫി എന്നയാളെ പൊലീസുകാരൻ തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കിക്കുന്നതും വീഡിയോയിൽ കാണാം. തർക്കത്തിനിടെ സ്കൂട്ടറിന്‍റെ താക്കോൽ ഊരിയെടുക്കാൻ ട്രാഫിക് പൊലീസുകാരൻ ശ്രമിച്ചു. ഈ സമയത്താണ് പ്രതി പൊലീസുകാരന്‍റെ വിരൽ കടിച്ചത്. ഇയാൾക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസുകാരനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതി പൊലീസുകാരനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കോൺസ്റ്റബിളിന്റെ വിരൽകടിച്ച സംഭവമുൾപ്പടെ ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്.