മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
ഭാരത് ബയോടെക്കിന്റെ വാക്‌സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് വിജയം കണ്ടത്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഭാരത് ബയോടെക്. മൂക്കിലൊഴിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. രണ്ടും മൂന്നും പരീക്ഷണങ്ങൾക്ക് കേന്ദ്രം അനുമതി നൽകി.
18 മുതൽ 60 വരെ പ്രായമുള്ളവർക്കിടയില്‍ നടത്തിയ ആദ്യഘട്ട വാക്‌സിൻ പരീക്ഷണമാണ് വിജയം കണ്ടത്. സെയിന്‍റ് ലൂയിസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഭാരത് ബയോടെകിന്‍റെ പുതിയ പരീക്ഷണം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ബയോടെക്‌നോളജി വിഭാഗം, ഡല്‍ഹി കേന്ദ്രമായുള്ള എന്‍ജിഒ ആയ ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍(ബിരാക്) എന്നിവയുടെ പിന്തുണയും പരീക്ഷണത്തിനുണ്ട്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾകൂടി വിജയിച്ചാൽ വാക്സിന് ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ചേക്കും.
നിലവിൽ അഞ്ച് വാക്‌സിനുകൾക്കാണ് രാജ്യത്ത് ഉപയോഗാനുമതിയുള്ളത്. ഏറ്റവും ഒടുവിൽ ജോൺസൻ ആൻഡ് ജോൺസന്റെ ജാൻസെൻ വാക്‌സിനാണ് അനുമതി ലഭിച്ചത്. അടിയന്തര ഉപയോഗത്തിനാണ് ജാന്‍സെന് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാൽ, മൂക്കിലുറ്റിക്കുന്ന വാക്‌സിൻ ഇതാദ്യമായി ഭാരത് ബയോടെക്കാണ് പരീക്ഷണം നടത്തി വിജയം കാണുന്നത്. നിലവില്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്ന വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുവരുന്നത്.