ഭോപ്പാൽ ദുരന്തം; വിഷമാലിന്യം കത്തിക്കുന്നിടത്ത് പ്രതിഷേധം- കേസെടുത്ത് പൊലീസ്

പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-01-04 10:38 GMT
Advertising

ഭോപ്പാൽ: 40 വർഷമായി കെട്ടികിടക്കുന്ന ഭോപ്പാൽ ദുരന്തത്തിലെ വിഷമാലിന്യങ്ങൾ സംസ്കരിക്കുന്നിടത്ത് നാട്ടുകാരുടെ പ്രതിഷേധം. മാലിന്യം തങ്ങളുടെ നാട്ടിൽ സംസ്കരിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയർന്നത്. ധാർ ജില്ലയിലെ പിതാംപൂരിലാണ് സംഭവം. ഇവർക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്പി മനോജ് കുമാർ സിങ് പറഞ്ഞു.

ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള പിതാംപൂരിലാണ് 337 ടൺ മാലിന്യം എത്തിച്ചത്. രാംകി എൻവിറോ എന്ന കമ്പനിയിലാണ് മാലിന്യം കത്തിക്കേണ്ടത്. ഇവിടെ മാലിന്യവുമായെത്തിയപ്പോഴാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. പ്രതിഷേധം കനത്തതോടെ രാംകി എൻവിറോക്ക് ചുറ്റും 50ഓ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ച് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ, 500-600 പേരടങ്ങുന്ന ജനക്കൂട്ടം കമ്പനി പരിസരത്തേക്ക് മാർച്ച് നടത്തിയിരുന്നു. പൊലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. വിഷയത്തിൽ കൂടുതൽ കോടതി ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് പുതിയ തീരുമാനം.

337 മെട്രിക് ടൺ വിഷമാലിന്യങ്ങളാണ് 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിലാക്കി നീക്കുന്നത്. സുപ്രിംകോടതിയിൽ നിന്ന് പോലും നിർദേശങ്ങൾ ലഭിച്ചിട്ടും ഭോപ്പാലിലെ യൂണിയൻ കാർബൈഡ് സൈറ്റ് വൃത്തിയാക്കാത്തതിന് ഡിസംബർ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. 1984 ഡി​സം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​ത്രി​യി​ലാ​ണു ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് കീ​ട​നാ​ശി​നി ഫാ​ക്‌​ട​റി​യി​ല്‍ നി​ന്ന് ഉ​യ​ര്‍ന്ന വി​ഷാം​ശ​മു​ള്ള മീ​ഥൈ​ല്‍ ഐ​സോ​സ​യ​നേ​റ്റ് (എം​ഐ​സി) വാ​ത​കം ചോ​ര്‍ന്ന​ത്. ദു​ര​ന്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 5,479 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളുണ്ടാകുകയും ചെയ്തിരുന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​വ​സാ​യി​ക ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News