പരീക്ഷയ്ക്കിടെ എറിഞ്ഞ തുണ്ടുകടലാസ് പ്രണയ ലേഖനമെന്ന് തെറ്റിദ്ധരിച്ചു; 12കാരനെ കൊലപ്പെടുത്തി
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി
പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ടുകടലാസ് പ്രണയ ലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12കാരനെ കൊലപ്പെടുത്തി. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലാണ് സംഭവം. മഹത്ബാനിയ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതിങ്ങനെ- ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ സഹായിക്കാനാണ് 12 വയസ്സുകാരന്‍ സ്കൂളിലെത്തിയത്. അര്‍ധ വാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ തുണ്ടുകടലാസുകള്‍ പരീക്ഷാഹാളിലേക്ക് എറിഞ്ഞുകൊടുക്കാനാണ് കുട്ടി വന്നത്. പരീക്ഷ തുടങ്ങിയതിനു പിന്നാലെ കുട്ടി പരീക്ഷാ ഹാളിലിരിക്കുന്ന സഹോദരിക്ക് നേരേ തുണ്ടുകടലാസുകള്‍ എറിഞ്ഞു. എന്നാല്‍ ഈ കടലാസ് മറ്റൊരു പെണ്‍കുട്ടിയുടെ സീറ്റിന് സമീപമാണ് വീണത്.
തുണ്ടുകടലാസ് പ്രണയ ലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയ ശേഷം സഹോദരങ്ങളോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് 12 വയസ്സുകാരനെ മര്‍ദിച്ചു. പിന്നാലെ കുട്ടിയെ കാണാതായി. നടന്ന സംഭവം കുട്ടിയുടെ സഹോദരി വീട്ടില്‍ അറിയിച്ചു. പിന്നാലെ കുട്ടിക്കായി തെരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.
തിങ്കളാഴ്ചയാണ് ഗ്രാമത്തില്‍ നിന്നും ഒരു കൈപ്പത്തി കണ്ടെത്തിയത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്‍റെ ബാക്കി ഭാഗം റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തി മൃതദേഹം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.