'മര്യാദ പുരുഷോത്തമൻ' ആയിരുന്നു മുഹമ്മദ് നബി: ബിഹാർ മന്ത്രി
മന്ത്രിക്കെതിരെ ബിജെപി രംഗത്തു വന്നു
പട്‌ന: പ്രവാചകൻ മുഹമ്മദ് നബിയെ മര്യാദ പുരുഷോത്തമന്‍ എന്നു വിശേഷിപ്പിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ നടത്തിയ പരാമർശം ചര്‍ച്ചയാക്കി ബിജെപി. കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി നടത്തിയ താരതമ്യമാണ് ചര്‍ച്ചയ്ക്ക് വഴി വച്ചത്.
'ലോകത്ത് പൈശാചിക വർധിച്ചപ്പോൾ, വിശ്വാസം അവസാനിച്ചപ്പോൾ, സത്യസന്ധതയില്ലാത്തവരും ചെകുത്താന്മാരും ചുറ്റും നിറഞ്ഞപ്പോൾ, അവരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ മധ്യേഷ്യയിൽ ദൈവം മര്യാദ പുരുഷോത്തമനായ ഒരു മികച്ച മനുഷ്യനെ സൃഷ്ടിച്ചു. ഇസ്ലാം വിശ്വാസികൾക്കു വേണ്ടിയാണ് വന്നത്. അസത്യത്തിന് എതിരെയാണ് വന്നത്. തിന്മയ്‌ക്കെതിരെയാണ് വന്നത്.' - എന്നായിരുന്നു ആർജെഡി മന്ത്രിയുടെ വാക്കുകള്‍.
'മര്യാദ പുരുഷോത്തമനായ രാമൻ ജാതിഘടനയിൽ സന്തോഷവാനായിരുന്നില്ല. ജാതി ഒരു വിഷയമേ അല്ല എന്നു കാണിക്കാനാണ് അദ്ദേഹം മാതാ ശബരിയുടെ ഒരു ജോഡി പഴങ്ങൾ കഴിച്ചത്. ശ്രീരാമൻ കാണിച്ച പെരുമാറ്റത്തെ നമ്മൾ അംഗീകരിക്കുന്നില്ല എ്‌ന് ഞാൻ വേദനയോടെ പറയുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു പുരാണത്തിൽ രാമനെയാണ് മര്യാദപുരുഷോത്തമൻ എന്നു വിളിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ മാനസിക നില തെറ്റിയതായി ബിജെപി കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ് എന്നും ബിജെപി വക്താവ് അരവിന്ദ് കുമാർ സിങ് ആരോപിച്ചു.
'മാനസികാസ്വാസ്ഥ്യത്തിന്റെ ഇരയാണ് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. ചിലപ്പോൾ അദ്ദേഹം രാമായണത്തെ കുറിച്ചു പറയുന്നു. ചിലപ്പോൾ മുഹമ്മദ് നബിയെ കുറിച്ചും. മതത്തിന്റെ പേരിൽ പോരടിച്ച് വോട്ടു രാഷ്ട്രീയം കളിക്കുകയാണ് ഇവർ.' - സിങ് പറഞ്ഞു.