‘കത്തിച്ചിട്ടും കത്താതെകിടന്നു’; നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതിങ്ങനെ
68 ചോദ്യങ്ങൾ എൻ.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറിലുള്ളതാണെന്ന് ഇഒയു സ്ഥിരീകരിച്ചു
പട്ന:നീറ്റ്-യുജി പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെത്തിയതായി ബിഹാർ സർക്കാർ കേന്ദ്രത്തെ അറിയിച്ചു. കത്തിച്ച ചോദ്യപേപ്പറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണ് തെളിവായത്. ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിലുണ്ടായിരുന്ന 68 ചോദ്യങ്ങൾ എൻ.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറിലുള്ളതാണെന്ന് ഇഒയു സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇ.ഒ.യു റിപ്പോർട്ട് സമർപ്പിച്ചത്. കണ്ടെത്തിയ ചോദ്യപേപ്പറിലെ പരീക്ഷാ സെന്റർ കോഡ് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിന്റെതാണെന്നും കണ്ടെത്തി. എൻടിഎ നീറ്റ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ച സ്കൂളാണ്. ഫോറൻസിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചത്.
ഇ ഒ യു യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ഇ.ഒ.യു ഇതിനകം അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി.
എവിട വെച്ചാണ് ചോർച്ചയുണ്ടായതെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. എൻടിഎയിൽ നിന്ന് ഒയാസിസ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ചോദ്യ പേപ്പറുകളുടെ പാക്കറ്റുകൾ സ്കൂളിൽ എത്തുന്നതിന് മുമ്പ് ചോർന്നതാകുമെന്ന് ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ ഇഹ്സാനുൽ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.മെയ് അഞ്ചിന് രാവിലെ സെൻ്റർ സൂപ്രണ്ടിനും എൻടിഎ ഒബ്സർവറിനും ചോദ്യപേപ്പർ പാക്കറ്റുകൾ ലഭിച്ചു. പരീക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ചാണ് പാക്കറ്റുകൾ തുറന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമണെന്നും ഇഹ്സാനുൽ ഹഖ് പറഞ്ഞു.