കനയ്യ കുമാര്‍ കയറിയ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ബിജെപി; വീഡിയോ

ബിജെപി ഇതരപാർട്ടി അംഗങ്ങൾക്ക് തൊട്ടുകൂടായ്മയെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തിറങ്ങി

Update: 2025-03-28 08:21 GMT
Editor : Jaisy Thomas | By : Web Desk
Bihar temple washed
AddThis Website Tools
Advertising

പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്‍റെ സന്ദർശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് കഴുകി. ബിഹാറിലെ ബൻഗാവ് ക്ഷേത്രമാണ് ബിജെപി അനുകൂലികൾ കഴുകിയത്. ബിജെപി ഇതരപാർട്ടി അംഗങ്ങൾക്ക് തൊട്ടുകൂടായ്മയെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തിറങ്ങി.

ബിഹാറിലെ സർസ ജില്ലയിലെ ബൻഗാവ് ദുർഗ ക്ഷേത്രത്തിലാണ് കനയ്യകുമാറിനെയും കോൺഗ്രസ് പ്രവർത്തകരെയും അപമാനിക്കുന്ന പ്രവര്‍ത്തനമുണ്ടായത് . കുടിയേറ്റം അവസാനിപ്പിക്കൂ , ജോലി തരൂ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്രയുടെ ഭാഗമായിട്ടാണ് കനയ്യ കുമാർ ക്ഷേത്രാങ്കണത്തിൽ എത്തിയത്. ബിഹാറിൽ തൊഴിൽ ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ തൊഴിൽ തേടി അലയേണ്ടി വരുന്ന ചെറുപ്പക്കാർക്ക് വേണ്ടിയാണു കനയ്യ സംസാരിച്ചത് . ക്ഷേത്രം സന്ദർശിച്ചതിന്‍റെ തൊട്ടടുത്ത ദിവസമായ ബുധനാഴ്ച ബിജെപി പ്രവർത്തകർ , കൗൺസിലർ അമിത് ചൗധരിയുടെ നേതൃത്വത്തിൽ ഗംഗാജലം കൊണ്ട് കനയ്യ ഇരുന്ന ക്ഷേത്ര മണ്ഡപം കഴുകി വൃത്തിയാക്കി.

കനയ്യയെ ദേശദ്രോഹിയെന്ന് ആക്ഷേപിച്ചാണ് ശുദ്ധീകരണം എന്ന പേരിലെ നടപടി. കനയ്യ കുമാർ സംഭവത്തോട് പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് നേതാക്കൾ എതിർപ്പുമായി രംഗത്തിറങ്ങി. ബിജെപിയുടെ രാഷ്ട്രീയ അയിത്തമാണ് ഈ പ്രവൃത്തിയിലൂടെ തെളിയുന്നതെന്നു കോൺഗ്രസ് വക്താവ് ജ്ഞാൻ രഞ്ജൻ ഗുപ്ത പറഞ്ഞു . കനയ്യയെയും സഹപ്രവർത്തകരെയും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News