തമിഴ്‌നാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നെന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ ബിജെപിയിൽ
കശ്യപിൻ്റെ കഴിവുകൾക്കനുസരിച്ച് ബിജെപി ഭാവിയിൽ അർഹമായ പരിഗണന നൽകുമെന്ന് ബിജെപി സ്ഥാനാർഥി മനോജ് തിവാരി ഉറപ്പുനൽകി.
ന്യൂഡൽഹി: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഹാറിലെ പ്രമുഖ യൂട്യൂബർ ബിജെപിയിൽ ചേർന്നു. യൂട്യൂബര്‍ മനീഷ് കശ്യപ് ആണ് ബിജെപിയിൽ ചേർന്നത്.
കേസിൽ നിലവിൽ ജാമ്യത്തിലുള്ള കശ്യപ്, ബിജെപി ദേശീയ മാധ്യമ വകുപ്പ് ഇൻചാർജ് അനിൽ ബാലുനി, കോ ഇൻചാർജ് സഞ്ജയ് മയൂഖ്, നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വച്ചായിരുന്നു ബിജെപി പ്രവേശനം.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഞാൻ ഒമ്പതു മാസം ജയിലിലായിരുന്നപ്പോൾ എനിക്കായി പോരാടിയ എന്റെ അമ്മയാണ് എന്നോട് ബിജെപിയിൽ ചേരാൻ പറഞ്ഞത്'- കശ്യപ് പറഞ്ഞു. കശ്യപ് ബിജെപിയിൽ ചേരുന്ന ചടങ്ങിൽ ഇയാളുടെ അമ്മയും പങ്കെടുത്തു.
മനീഷ് കശ്യപ് ജനങ്ങളുടെ പ്രശ്‌നം ഉന്നയിക്കുകയും എല്ലായ്‌പ്പോഴും പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്തെന്നും എന്നാൽ, ചില ബിജെപി ഇതര സർക്കാരുകൾ അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്നുമാണ് തിവാരിയുടെ ആരോപണം. കശ്യപിൻ്റെ കഴിവുകൾക്കനുസരിച്ച് ബിജെപി ഭാവിയിൽ അർഹമായ പരിഗണന നൽകുമെന്നും തിവാരി ഉറപ്പുനൽകി.
80 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബർ മനീഷ് കശ്യപ് പലപ്പോഴും പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുകയും തൻ്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ച് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ആർജെഡി നേതാവ് തേജഷ്വി യാദവിനെയും ഇയാൾ നിരന്തരം സോഷ്യൽമീഡിയയിലൂടെ കടന്നാക്രമിക്കാറുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തയാളാണ് കശ്യപ്.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരിക്കെതിരെ ബിഹാറിൽ നിന്നുള്ള കനയ്യ കുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. തിവാരിക്കായി കശ്യപ് പ്രചരണത്തിനിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞവർഷം മാർച്ച് 19നാണ് വ്യാജവീഡിയോ കേസിൽ ഇയാൾ അറസ്റ്റിലായത്. ബിഹാര്‍, തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. സംഭവവുമായി ബന്ധപ്പെട്ടുള്ള മൂന്നാമത്തെ അറസ്റ്റായിരുന്നു മനീഷ് കശ്യപിന്റേത്.
ബിഹാര്‍ സ്വദേശികളായ തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന തരത്തിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ബിഹാറികളെ മര്‍ദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് ഇയാൾ വീഡിയോകള്‍ പ്രചരിപ്പിച്ചത്.
വീഡിയോ പ്രചാരണത്തെത്തുടർന്ന് ബിഹാറില്‍ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ അന്വേഷണത്തിനായി അയച്ചു. നടന്നത് വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെയും വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതിന് യു.പിയിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ അടക്കം മറ്റ് നാല് പേർക്കെതിരെയും കേസെടുത്തിരുന്നു.