ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് ലോക്സഭയിൽ; മണിപ്പൂർ വിഷയത്തിൽ 'ഇൻഡ്യ' രാഷ്ട്രപതിയെ കാണും
ഇന്നലെ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉന്നയിച്ചത്.
ഡൽഹി: ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് ലോക്സഭ ചർച്ച ചെയ്യും. കോൺഗ്രസ് ഉൾപ്പടെയുള്ള ഏഴ് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെയുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിക്കും. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധമുയർത്തിയ ഇൻഡ്യ മുന്നണി അംഗങ്ങൾ ഇന്ന് രാഷ്ട്രപതിയെ കാണും.
ഇന്നലെ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇന്ന് ബില്ലിൻമേൽ ചർച്ച നടക്കുമ്പോൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കോൺഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി, എഐഎംഐഎം എന്നീ പാർട്ടി പ്രതിനിധികൾ ബില്ലിനെതിരെ ഭരണഘടനാ പ്രമേയം അവതരിപ്പിക്കും. ലോക്സഭയിൽ പ്രതിപക്ഷം എതിർത്താലും ഭൂരിപക്ഷമുള്ളതിനാൽ വെല്ലുവിളികൾ ഇല്ലെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള തിയ്യതി പ്രഖ്യാപിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ തീവ്രത കുറയ്ക്കുമെന്നും കേന്ദ്ര സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. മണിപ്പൂർ വിഷയം ഉയർത്തി ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളിലും പ്രതിഷേധിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഇതിന് പുറമെ മണിപ്പൂർ സന്ദർശിച്ച ഇൻഡ്യ മുന്നണിയിലെ 21 എംപിമാരും രാഷ്ട്രപതിയെ കണ്ട് റിപ്പോർട്ട് കൈമാറും. ഇവർക്കൊപ്പം സഭാ കക്ഷി നേതാക്കളും രാഷ്ട്രപതിയെ കാണാൻ എത്തും. പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ രാഷ്ട്രപതി ഇന്നലെ വിളിച്ച് വരുത്തിയിരുന്നു. മണിപ്പൂർ സന്ദർശിച്ച മന്ത്രിയിൽ നിന്നും വിശദാംശങ്ങൾ രാഷ്ട്രപതി ആരാഞ്ഞതായാണ് സൂചന.