ഗുജറാത്തിലെ ബി.ജെ.പി മുന്നേറ്റം; നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും
വൈകുന്നേരം ആറു മണിക്ക് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് പരിപാടി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറു മണിക്ക് ബി.ജെ.പി ആസ്ഥാനത്താണ് പരിപാടി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 30ൽ അധികം റാലികൾ സംഘടിപ്പിച്ചിരുന്നു. ബിജെപി ചരിത്ര വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തന്നെ ബി.ജെ.പി 150 സീറ്റുകളിൽ മുന്നേറി. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പരാജയം ദയനീയമായിരിക്കും. 60 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് കേവലം 16 സീറ്റുകളിൽ മാത്രമേ മുന്നേറാനായുള്ളൂ. ഗുജറാത്തിൽ വൻ പ്രചാരണ പരിപാടിക്ക് തുടക്കമിട്ട ആപ്പിന് ആറ് സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ബി.ജെ.പി തെരഞ്ഞെടുപ്പ് കളത്തിലേക്ക് ചുവടെടുത്ത്‌വെച്ചതു മുതൽ പാർട്ടിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രി തന്നെയായിരുന്നു. ഭരണവിരുദ്ധ വികാരം ഉയർത്തിപ്പിടിച്ചുള്ള ആപ്പിന്റെയും കോൺഗ്രസിന്റെയും പ്രചാരണ പരിപാടികളെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബി.ജെ.പി ഗുജറാത്തിൽ നടത്തുന്നത്. 1995 ന് ശേഷം ബി.ജെ.പി ഗുജറാത്തിൽ തോൽവി അറിഞ്ഞിട്ടില്ല. 13 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തിൽ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് നേടിയത്. 2002ൽ 127 സീറ്റുകൾ നേടിയതാണ് ഗുജറാത്തിലെ ഏറ്റവും മികച്ച ഫലം.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, വർഗീയ സംഘർഷങ്ങൾ എന്നിവ മുൻനിർത്തി പ്രതിപക്ഷം ശക്തമായ പ്രചാരണ പരിപാടികൾക്കാണ് തുടക്കമിട്ടത്. 68 സീറ്റുകളുള്ള നിയമസഭയിൽ ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.