കൊലക്കേസ് പ്രതി ദര്‍ശന് ജയിലില്‍ വിഐപി പരിഗണന; ഡി.കെ ശിവകുമാറിന് പങ്കെന്ന് ബി.ജെ.പി

ദർശൻ്റെ സഹായി തൻ്റെ വീട്ടിൽ വന്ന് സഹായം തേടിയിരുന്നതായി ഡികെ വ്യക്തമാക്കിയിരുന്നതായി ബി.ജെ.പി എം.എല്‍.എ

Update: 2024-08-27 06:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ തുഗുദീപക്ക് വിഐപി പരിഗണന ലഭിച്ച സംഭവത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. ദർശൻ്റെ സഹായി തൻ്റെ വീട്ടിൽ വന്ന് സഹായം തേടിയിരുന്നതായി ഡികെ വ്യക്തമാക്കിയിരുന്നതായി ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ ആര്‍.അശോക ആരോപിച്ചു.

''ഏകദേശം 4-5 ദിവസം മുമ്പ് ജയിലിൽ മുഴുവൻ റെയ്ഡ് നടത്തി ഫോണുകൾ പിടിച്ചെടുത്തു. നാല് ദിവസം കഴിഞ്ഞപ്പോൾ ഫോൺ എവിടെ നിന്ന് വന്നു? എത്ര ധൈര്യത്തോടെയാണ് കാപ്പിയും ചായയും നൽകുന്നത്.'' ദര്‍ശന്‍ വീഡിയോ കോള്‍ ചെയ്യുന്ന വീഡിയോ ചൂണ്ടിക്കാട്ടി അശോക പറഞ്ഞു. "സർക്കാർ ഉത്തരം പറയണം, ക്രമസമാധാനം തകർന്നു, ജയിൽ ഒരു ഉദാഹരണം മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിനുള്ളിൽ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരുന്നു ഒരു കയ്യില്‍ ചായയും സിഗരറ്റുമായി വിശ്രമിക്കുന്ന ദർശൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിൻ്റെ പ്രതികരണം. നടനോടൊപ്പം കേസിലെ കൂട്ടുപ്രതികളുമുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ചീഫ് ജയിൽ സൂപ്രണ്ട് വി ശേഷമൂർത്തിയും ജയിൽ സൂപ്രണ്ട് മല്ലികാർജുൻ സ്വാമിയും ഉൾപ്പെടെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ''പരപ്പന അഗ്രഹാര ജയിലിൽ കുറ്റവാളികൾക്ക് ഫൈവ് സ്റ്റാര്‍ സൗകര്യം ലഭിക്കുന്നുവെന്ന കാര്യം വര്‍ഷങ്ങളായി അറിയാവുന്നതാണ്. രണ്ടു മൂന്ന് ദിവസം മുന്‍പ് പ്രശ്നം പുറംലോകമറിഞ്ഞു. കുറ്റവാളികളെ മാറ്റുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് കാണേണ്ടതുണ്ട്. ” കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.'' ക്രമസമാധാന കാര്യങ്ങളിൽ ജനങ്ങൾ ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും? സംസ്ഥാനത്ത് ഒരു സർക്കാർ ഉണ്ടോ? സർക്കാർ അഴിമതിയിൽ ഏർപ്പെടുന്നു, പരസ്പരം കുറ്റപ്പെടുത്തുന്നു, മന്ത്രിമാര്‍ക്ക് ഒരു ജോലിയുമില്ല, മുഖ്യമന്ത്രിക്ക് സമയമില്ല. അഴിമതിയെയും കുംഭകോണങ്ങളെയും സംരക്ഷിക്കുന്നതിനാല്‍ അവര്‍ക്ക് സമയമില്ല'' കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തിങ്കളാഴ്ച ബെലഗാവിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ സംഭവത്തില്‍ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മതിച്ചു. "ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ഇതിനോടകം ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുറച്ചുപേരെ കൂടി സസ്പെൻഡ് ചെയ്യും. ജയില്‍ സന്ദർശിച്ച് ദര്‍ശന് വിഐപി സൗകര്യമൊരുക്കിയവരെ മാറ്റാന്‍ ആഭ്യന്തരമന്ത്രി ജി പരമേശ്വരയോട് നിര്‍ദേശിച്ചിട്ടുണ്ട്," സിദ്ധരാമയ്യ പറഞ്ഞു.

ജയിൽ പരിസരത്ത് മൊബൈൽ ഫോണുകളും സിഗരറ്റും ഉപയോഗിച്ചതിനും ജയിലിനുള്ളിൽ ഈ വസ്തുക്കൾ കടത്തിയതിനും എഫ്ഐആര്‍ ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) മാലിനി കൃഷ്ണമൂർത്തി പറഞ്ഞു. ആഗസ്ത് 22ന് വൈകിട്ടാണ് സംഭവം നടന്നതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്ന് കൃഷ്ണമൂർത്തി വ്യക്തമാക്കി. "അത്തരമൊരു സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ നടപടിയെടുക്കുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി," അദ്ദേഹം വിശദീകരിച്ചു.

ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്രക്ക് അശ്ലീല സന്ദേശമയച്ചതിനാണ് താരത്തിന്‍റെ കടുത്ത ആരാധകന്‍ കൂടിയായ രേണുകസ്വാമിയെ കൊന്നുതള്ളിയത്. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News