ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും മുക്താർ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; മന്ത്രിസ്ഥാനം തെറിക്കും

രാജ്യസഭാ കാലാവധി തീർന്നതിനു പിന്നാലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽനിന്നും പുറത്തായതോടെ നഖ്‌വിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്

Update: 2022-06-04 10:21 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പുറത്ത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ റാംപൂരിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ നഖ്‌വി കേന്ദ്ര മന്ത്രിസഭയിൽനിന്ന് പുറത്താകുമെന്ന് ഉറപ്പായി.

റാംപൂരിൽ ഘനശ്യാം ലോധിയെയും അസംഗഢിൽ ദിനേശ് ലാൽ യാദവിനെയുമാണ് ബി.ജെ.പി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. യു.പിയിൽ എസ്.പിയുടെ അഖിലേഷ് യാദവും അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവു വന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നു.

ഘനശ്യാം ലോധി മുൻ എസ്.പി നേതാവാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റവും അഴിമതി ആരോപണവും നടത്തിയായിരുന്നു ഘനശ്യാം പാർട്ടി വിട്ടത്. ദിനേശ് ലാൽ യാദവ് ബോജ്പുരി നടൻ കൂടിയാണ്. നിരാഹുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ തവണയും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബി.ജെ.പി മത്സരിപ്പിച്ചിരുന്നതും ദിനേശിനെയായിരുന്നു.

അതേസമയം, മുക്താർ അബ്ബാസ് നഖ്‌വിയെ റാംപൂരിൽനിന്ന് മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. മൂന്നു തവണ രാജ്യസഭാ അംഗമായി സേവനമനുഷ്ഠിച്ച നഖ്‌വി അടുത്തിടെയാണ് കാലാവധി പൂർത്തിയാക്കിയത്. നിർമല സീതാരാമൻ, പിയൂഷ് ഗോയൽ അടക്കമുള്ള നേതാക്കന്മാർക്ക് ഒരിക്കൽകൂടി ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയെങ്കിലും നഖ്‌വിയെ പരിഗണിച്ചിരുന്നില്ല. പകരം രാംപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പാർലമെന്റിൽ എത്തിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽനിന്നും അദ്ദേഹം പുറത്തായതോടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Full View

ഇതോടൊപ്പം, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ബി.ജെ.പി മാറ്റിയിരുന്നു. നിയമസഭാ അംഗമല്ലാത്ത മാണിക് സാഹയെയാണ് പകരം നിയമിച്ചത്. ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ടൗൺ ബോർഡോവാലി മണ്ഡലത്തിലാണ് മണിക് സാഹയെ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം അഗർത്തലയിൽ അശോക് സിൻഹ, സുർമയിൽ സ്വപ്‌ന ദാസ് പോൾ, ജുബരാജ് നഗറിൽ മലീല ദേബ്‌നാഥ്, ആന്ധ്രപ്രദേശിലെ ആത്മികൂറിൽ ഭരത് കുമാർ യാദവ്, ഡൽഹിയിലെ രജീന്ദർ നഗറിൽ രാജേഷ് ഭാട്ടിയ, ജാർഖണ്ഡിലെ മന്ദറിൽ ഗംഗോത്രി കുജൂർ എന്നിവരെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: BJP releases its list of candidates for Lok Sabha and Assembly by-polls without Mukhtar Abbas Naqvi in the list

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News