മധ്യപ്രദേശിലും പോസ്റ്റര്‍ യുദ്ധം; മുഖ്യമന്ത്രി ചൗഹാനെതിരെ ക്യൂ ആര്‍ കോഡ് പോസ്റ്ററുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെതിരെ നിയമനടപടിക്കൊരുങ്ങി ഫോണ്‍ പേ

Update: 2023-06-29 08:29 GMT
Editor : vishnu ps | By : Web Desk
Advertising

ഭോപ്പാല്‍: കര്‍ണാടകക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും പോസ്റ്റര്‍ യുദ്ധം ആരംഭിച്ച് കോണ്‍ഗ്രസും- ബി.ജെ.പിയും. അഴിമതിക്ക് പണം നല്‍കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകളാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.

'50 ശതമാനം കമ്മീഷന്‍ കൊടുക്കൂ, ആവശ്യമുള്ള കാര്യങ്ങള്‍ നേടൂ' എന്ന കുറിപ്പോടെയാണ് ഫോണ്‍ പേ മാതൃകയിലുള്ള ക്യൂ ആര്‍ കോഡ് അടങ്ങിയ പോസ്റ്ററില്‍ ചൗഹാന്റെ ചിത്രം പതിച്ചിരിക്കുന്നത്. കമ്മീഷന്‍ വാങ്ങിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജോലി ചെയ്യുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കമല്‍നാഥ് സര്‍ക്കാര്‍ കാലത്തെ അഴിമതി ആരോപണം സംബന്ധിച്ച് ബി.ജെ.പിയാണ് മധ്യപ്രദേശില്‍ ആദ്യം പോസ്റ്റര്‍ ഇറക്കിയത്. കമല്‍നാഥിനെതിരെ 'വാണ്ടഡ് കറപ്ഷന്‍ നാഥ്' എന്ന പോസ്റ്ററുകളാണ് ബി.ജെ.പി പതിച്ചത്.

നേരത്തെ കര്‍ണാടകയിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രതിഷേധം.

അതേസമയം, അഴിമതി ആരോപണം ഉയര്‍ത്തി ഭോപ്പാലിലുടനീളം പതിച്ച പോസ്റ്ററില്‍ തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തെന്ന് കാണിച്ചുകൊണ്ട് ഫോണ്‍ പേ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഫോണ്‍ പേ കമ്പനി.

തങ്ങളുടെ ലോഗോ ഉടന്‍ നീക്കം ചെയ്യണമെന്നും ഏത് സംഘടന ആയാലും മൂന്നാം കക്ഷി അനധികൃതമായി കമ്പനിയുടെ ലോഗോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഫോണ്‍ പേ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News