ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ മന്ത്രിമാരെ നൽകി ബി.ജെ.പി
30 ശതമാനം പേരും നാല് സംസ്ഥാനങ്ങളിൽനിന്നും രണ്ട് കേന്ദ്രഭരണ പ്രദേശത്തുനിന്നും ഉള്ളവർ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിൽ മന്ത്രിസ്ഥാനം ലഭിച്ചവരിൽ 30 ശതമാനവും ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽനിന്നും രണ്ട് കേന്ദ്രഭരണ പ്രദേശത്തുനിന്നും ഉള്ളവർ. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, ബിഹാർ എന്നിവിടങ്ങളിലാണ് ഈ വർഷവും 2025ലും തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ 71 മന്ത്രിമാരാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 21 പേരും ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശത്തുനിന്നും ഉള്ളവരാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ.ഡി.എക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. കൂടാതെ മുന്നണി രാഷ്ട്രീയത്തിലും വലിയ വെല്ലുവിളികളാണ് ബി.ജെ.പിയെ ഇവിടങ്ങളിൽ കാത്തിരിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ മന്ത്രിമാരെ നൽകി തെരഞ്ഞെടുപ്പിൽ വിജയം നേടുക എന്ന തന്ത്രമാണ് ബി.ജെ.പി പഴറ്റുന്നത്.
ബിഹാറിൽനിന്ന് എട്ട് മന്ത്രിമാരാണുള്ളത്. ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മന്ത്രിമാരുള്ളതും ബിഹാറിൽനിന്ന് തന്നെ. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കാബിനറ്റ് പദവിയടക്കം മൂന്ന് മന്ത്രിസ്ഥാനമാണ് ഹരിയാനക്കുള്ളത്.
മഹാരാഷ്ട്രയിൽനിന്ന് ആറ് മന്ത്രിമാരുണ്ട്. ഇതിൽ നാലുപേർ ബി.ജെ.പിയിൽനിന്നും ഒന്ന് വീതം ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനക്കും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യക്കുമാണ്.
കേന്ദ്രഭരണ പ്രദേശമായ ജമ്മു ആൻഡ് കശ്മീരിൽനിന്നും ഡൽഹിയിൽനിന്നും ഓരോ മന്ത്രിമാരുണ്ട്. ജാർഖണ്ഡിൽനിന്ന് രണ്ട് മന്ത്രിമാർ ഇടംപിടിച്ചു. യാദവ്, ബനിയ എന്നീ വിഭാഗങ്ങളുടെ വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ അന്നപൂർണ ദേവിയെയും സഞ്ജയ് സേതിനെയുമാണ് മന്ത്രിമാരാക്കിയത്.