ഗുജറാത്തില്‍ നിര്‍ണായക നീക്കങ്ങള്‍; പ്രഫുല്‍ പട്ടേലിനെ വിളിപ്പിച്ച് ബി.ജെ.പി
പുതിയ മുഖ്യമന്ത്രിയെ തെരെഞ്ഞെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്തിലെത്തും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ബി.ജെ.പി ഗുജറാത്തിലേക്ക് വിളിപ്പിച്ചു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കൂടിയാലോചനകൾക്കിടെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ അഭിപ്രായമനുസരിച്ചായിരിക്കും പുതിയ നേതാവിനെ തീരുമാനിക്കുക.
അടുത്ത വർഷം അവസാനം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. രൂപാണിയെ മുൻനിർത്തി തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയമാകുമെന്ന തിരിച്ചറിവിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ അഴിച്ചുപണി. പട്ടേൽ സമുദായത്തിന്റെ അതൃപ്തി, കോവിഡ് നേരിടുന്നതിലുണ്ടായ വന്‍ പരാജയം, മന്ത്രിമാരുള്‍പ്പെടെ പാർട്ടി നേതാക്കളുടെ എതിർപ്പ് എന്നിവയൊക്കെ രൂപാണിയെ നീക്കാന്‍ കാരണമായി.
പുതിയ നേതാവിനെ നിശ്ചയിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ. പുതിയ മുഖ്യമന്ത്രിയെ തെരെഞ്ഞെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്തിലെത്തും. സംഘടനാ ചുമതലയുള്ള ബി.എൽ സന്തോഷ്, ഗുജറാത്തിന്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് എന്നിവർ ഗാന്ധിനഗറിലുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, പ്രഫുല്‍ പട്ടേൽ, സി.ആർ.പാട്ടീൽ എം.പി തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.