എൽ.ജെ.പി വീണ്ടും എൻ.ഡി.എയിലേക്ക്? ചിരാഗ് പാസ്വാന് യോഗത്തിലേക്ക് ക്ഷണം

ജൂലൈ 18ന് ഡൽഹിയില്‍ നടക്കുന്ന വിശാല എന്‍.ഡി.എ യോഗത്തിലേക്കാണ് ക്ഷണം

Update: 2023-07-15 10:56 GMT

Chirag Paswan

Advertising

ഡല്‍ഹി: വിശാല എൻ.ഡി.എ യോഗത്തിലേക്ക് ലോക് ജനശക്തി പാർട്ടി (എല്‍.ജെ.പി) നേതാവ് ചിരാഗ് പാസ്വാന് ക്ഷണം. ജൂലൈ 18ന് ഡൽഹിയിലാണ് യോഗം. ബി.ജെ.പി അധ്യക്ഷന്‍ ജെ .പി നദ്ദയാണ് ചരാഗിനെ ക്ഷണിച്ച് കത്തയച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍‌ച്ച നടത്തുന്നതിനിടെയാണ് എന്‍.ഡി.എ യോഗം.

അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്‍. ചിരാഗിനെ എന്‍.ഡി.എ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാനാണ് നീക്കം. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അഭ്യൂഹമുണ്ട്. ചിരാഗിനെ എന്‍.ഡി.എ സഖ്യത്തില്‍ തിരിച്ചെത്തിച്ച് നിതീഷ് കുമാറിനെതിരെ അണിനിരത്താനാണ് ബി.ജെ.പിയുടെ ശ്രമം. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ചിരാഗ് പാസ്വാനുമായി ഒരാഴ്ചയ്ക്കിടെ രണ്ടു തവണ കൂടിക്കാഴ്ച നടത്തി.

2020ലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് ചിരാഗ് പാസ്വാന്‍ എന്‍.ഡി.എ സഖ്യം വിട്ടത്. അന്ന് നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവും ബി.ജെ.പിയും സഖ്യത്തിലായിരുന്നു. ആ സഖ്യം പൊളിഞ്ഞതോടെ ജെ.ഡി.യുവും ആര്‍.ജെ.ഡിയും സഖ്യത്തിലായി. ഇപ്പോള്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യ നീക്കത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളിലൊരാളാണ് നിതീഷ് കുമാര്‍. ഈ സാഹചര്യത്തില്‍ പരാമാവധി ചെറിയ പാര്‍ട്ടികളെ അണിനിരത്താന്‍ എന്‍.ഡി.എയും നീക്കം നടത്തുകയാണ്.

എന്‍.ഡി.എ യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു- "ഞങ്ങൾ വിവിധ വിഷയങ്ങളിൽ ബി.ജെ.പിയെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ എൻ.ഡി.എ യോഗത്തിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം"- ചിരാഗ് പാസ്വാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗം, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറിയ പാർട്ടികൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ എന്നിങ്ങനെ നിരവധി പാര്‍ട്ടികളെ എന്‍.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Summary- Lok Janshakti Party (Ram Vilas) leader Chirag Paswan is likely to attend the BJP-led National Democratic Alliance meeting on July 18 as the ruling party goes all out to put up a show of strength amid hectic efforts by the opposition to unite against the Modi government

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News