വോട്ട് ജിഹാദ്, ആർട്ടിക്കിൾ 370, വഖഫ്... മഹാരാഷ്ട്രയിലും ഹിന്ദുത്വ അജണ്ട തന്നെ ബിജെപിക്ക് മുഖ്യം !
കോൺഗ്രസ് അധികാരത്തിലെത്തിയാൽ വഖഫ് ബോർഡ് നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തും എന്നാണ് കർഷകരോട് ബിജെപി പറയുന്നത്
മുംബൈ: ബട്ടേംഗെ തോ കട്ടേംഗെ... (വിഭജിക്കപ്പെട്ടാൽ നശിക്കപ്പെടും..) ഹൈന്ദവരെല്ലാം ബിജെപിക്ക് കീഴിൽ ഒന്നിച്ചു വരണം എന്ന ഈ മുദ്രാവാക്യം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തിരഞ്ഞെടുത്തത് ഒരു അത്ഭുതമല്ല.
പരമാവധി ഹിന്ദു വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ ബിജെപിയുടെ നോട്ടം ഹിന്ദു വോട്ടുകൾ മാത്രമായി മാറിയോ എന്ന് പോലും സംശയിക്കത്ത വിധത്തിലാണ് ഹിന്ദുത്വ അജണ്ടയിൽ ബിജെപി വേരൂന്നിയിരിക്കുന്നത്. ഏക് ഹേ തോ സേഫ് ഹേ ( ഒന്നിച്ചു നിന്നാൽ ഒന്നും ചെയ്യാനാവില്ല ) എന്ന മുദ്രാവാക്യവും ഏറെ പ്രചാരത്തിലുള്ളത് ഇതിനോട് ചേർത്തു വായിക്കാം. ഈ പ്രചാരണ തന്ത്രത്തിൽ എൻസിപിയുടെ എതിർപ്പ് പോലും ബിജെപി വകവയ്ക്കുന്നില്ല.
മതപരിവർത്തന നിരോധന നിയമം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയത് മഹാരാഷ്ട്രയിലും ഹിന്ദുത്വ അജണ്ട വിടാൻ ബിജെപി ഉദ്ദേശിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ വഖഫ് ബോർഡ് നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തും എന്നാണ് കർഷകരോട് ബിജെപി പറയുന്നത്.
കശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ നേരെ വിപരീതാഭിപ്രായമാണ് തങ്ങൾക്ക് എന്ന് പ്രചരിപ്പിച്ച്, ദേശീയതയുടെ കാവലാളുകളാണ് തങ്ങളാണ് എന്ന തരത്തിലാണ് ബിജെപി ഹിന്ദു വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട പ്രമേയം ജമ്മുകശ്മീർ നിയമസഭ പാസാക്കിയതിന് പിന്നാലെ, ആർട്ടിക്കിൾ 370 വീണ്ടും പുറത്തെടുത്തിരിക്കുകയാണ് ബിജെപി. കോൺഗ്രസിനെതിരെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമാണ് ആർട്ടിക്കിൾ 370.
മുതിർന്ന ബിജെപി നേതാക്കളുടെ പിന്തുണയോടെ സകൽ ഹിന്ദു സമാജ് എന്ന സംഘടന ലവ് ജിഹാദ് വിരുദ്ധ റാലി സംഘടിപ്പിച്ചതായിരുന്നു ഒരർഥത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബിജെപിയുടെ ഹിന്ദുത്വ പ്രചാരണത്തിന്റെ തുടക്കം. തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ആ പ്രചാരണത്തിന് ബിജെപി ആക്കം കൂട്ടി. വോട്ട് ജിഹാദിന് പകരം ധർമയുദ്ധം നടത്തണമെന്ന ആഹ്വാനം പോലും ഇതിന് ഉദ്ദാഹരണമാണ്.
മഹാവികാസ് അഘാഡിയുടെ അടിത്തറയായ മറാത്ത-മുസ്‌ലിം കൂട്ടുകെട്ട് പൊളിക്കാനുള്ള തന്ത്രമായും ബിജെപി പയറ്റുന്നത് തീവ്ര ഹിന്ദുത്വ വർഗീയത തന്നെയാണ്. ഗ്രാമപ്രദേശങ്ങളിലെ കർഷക പ്രതിസന്ധികളെ തെല്ലും വകവയ്ക്കാതെ വർഗീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിജെപിക്ക് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിൽ തെല്ലും താല്പര്യം ഉണ്ടെന്ന് കരുതാനാവില്ല. മഹാവികാസ് അഘാഡി സഖ്യമടക്കം മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഹിന്ദുത്വ അജണ്ടയിലേക്ക് പ്രചാരണം ചുരുക്കുകയാണ് ബിജെപി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത അടിയാണ് ഹിന്ദുത്വ വിഷയങ്ങളിൽ ശ്രദ്ധ വയ്ക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. കാർഷിക നയങ്ങളും മറ്റും ഗുണം ചെയ്‌തേക്കില്ല എന്നതാണ് പാർട്ടിയുടെ നിലപാട്. മുസ്‌ലിം വോട്ടുകൾ അധികമുള്ള മണ്ഡലങ്ങളിൽ അടക്കം ഹിന്ദു വോട്ടുകൾ ഏകീകരിച്ച് മതപരമായ ഐഡന്റിറ്റി ഉണ്ടാക്കാനായാൽ കാർഷിക നയങ്ങളേക്കാൾ അത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.