'അന്ന് അതെന്‍റെ ഉത്തരവാദിത്തമായിരുന്നു': പഴയ മോദി ട്വീറ്റില്‍ പ്രതികരണവുമായി ഖുശ്ബു
"ഞാൻ കോൺഗ്രസില്‍ ആയിരുന്നപ്പോൾ ചെയ്ത മോദി ട്വീറ്റിന്‍റെ പേരില്‍ ലജ്ജിക്കുന്നില്ല"
ഡല്‍ഹി: മോദി എന്നതിന്‍റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റാമെന്ന തന്‍റെ പഴയ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയതോടെ പ്രതിരോധത്തിലാണ് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്രമാത്രം നിരാശരാണെന്ന് തന്‍റെ പഴയ ട്വീറ്റ് ഉയർത്തിക്കാട്ടുന്നതിലൂടെ വ്യക്തമാണെന്ന് ഖുശ്ബു പ്രതികരിച്ചു.
"ഞാൻ കോൺഗ്രസില്‍ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത 'മോദി' ട്വീറ്റിന്‍റെ പേരില്‍ ലജ്ജിക്കുന്നില്ല. ഞാൻ നേതാവിനെ പിന്തുടരുകയും ആ പാർട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തത്"- ഖുശ്ബു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.
മോദി പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ കോടതി വിധിക്കുകയും പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയെ കുറിച്ചുള്ള ഖുശ്ബുവിന്‍റെ സമാനമായ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയത്. 2018ല്‍ ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ- "മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്, ലളിത്, നമോ = അഴിമതി" എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്.
രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയ ബി.ജെ.പി സൂറത്ത് വെസ്റ്റ് എം.എല്‍.എ പൂര്‍ണേഷ് മോദി ഖുശ്ബുവിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചോദ്യം ഉയര്‍ത്തിയത്.
2020ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഖുശ്ബു നിലവില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ്. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് ഖുശ്ബു പ്രതികരിച്ചതിങ്ങനെ- "നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. പോസിറ്റീവായി ചിന്തിക്കുക. നിഷേധാത്മകത എവിടെയും എത്തിക്കില്ല".
2019ൽ കർണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് ഗുജറാത്തിലെ സൂറത്ത് സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ലളിത് മോദി, നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. രാഹുല്‍ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി വന്നത്. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.
Summary- Targeted by the Congress over her 2018 tweet criticial of Prime Minister Narendra Modi, BJP leader Khushbu Sundar hit back at the opposition party saying she was speaking the "language of the leader" then as she was told to do so