'കാപട്യക്കാരി, എന്നെ ഉപദ്രവിക്കുന്നു': പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് അദിതി സിങ്

റായ്ബറേലി എം.എല്‍.എ ആയിരുന്ന അദിതി സിങ് അടുത്ത കാലത്താണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്

Update: 2022-02-02 12:37 GMT
Advertising

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭർത്താവിന് മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് എം.എൽ.എ അദിതി സിങ്. പ്രിയങ്കയെ കാപട്യക്കാരി എന്നാണ് അദിതി വിളിച്ചത്. റായ്ബറേലി എം.എല്‍.എ ആയിരുന്ന അദിതി സിങ് അടുത്ത കാലത്താണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്.

അദിതിയുടെ ഭർത്താവ് അംഗദ് സിങ് സൈനി, പഞ്ചാബിലെ നവാൻഷഹർ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാതിരുന്നതോടെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു.

"ഒരു വശത്ത് പ്രിയങ്ക ഗാന്ധി ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് പോരാടാനറിയാം (ലഡ്കി ഹൂൺ ലഡ് ശക്തി ഹൂൺ)) എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നു. ഞാൻ ഒറ്റയ്ക്ക് പോരാടുന്ന സ്ത്രീയാണ്. എന്നിട്ട് എനിക്കെതിരെ സംസാരിക്കാൻ ഭർത്താവിനെ സമ്മർദത്തിലാക്കുന്നു. മത്സരിക്കാന്‍ സീറ്റ് നല്‍കണമെങ്കില്‍ എനിക്കെതിരെ പറയണമെന്നാണ് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്"- അദിതി സിങ് പറഞ്ഞു.

പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ കാപട്യക്കാരിയാണെന്നും അദിതി ആരോപിച്ചു- "സ്ത്രീകളെ പിന്തുണയ്ക്കുന്നുവെങ്കിൽ, എന്‍റെ പേരില്‍ എന്തുകൊണ്ടാണ് എന്‍റെ ഭര്‍ത്താവിന് ടിക്കറ്റ് നിഷേധിച്ചത്? നിരന്തരം എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്".

തന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിച്ച് സീറ്റ് നിഷേധിച്ചെന്ന് അംഗത് സിങ് സൈനി കുറ്റപ്പെടുത്തി- "കോണ്‍ഗ്രസ് എനിക്ക് ടിക്കറ്റ് നിഷേധിക്കുകയും എന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നിർബന്ധിക്കുകയും ചെയ്തു. അതിനാല്‍ സ്വതന്ത്രനായി ഞാൻ നാമനിർദേശ പത്രിക സമർപ്പിച്ചു".

നവാൻഷഹറില്‍ കഴിഞ്ഞ 60 വർഷത്തിനിടെ 13 തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത് സൈനിയുടെ കുടുംബത്തിലുള്ളവരാണ്. സത്‍വീര്‍ സിങ് ജിക്കിയാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി. ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ പുതിയ പാർട്ടിയായ ലോക് കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റായി അടുത്തിടെ നിയമിക്കപ്പെട്ടയാളാണ് സത്‍വീര്‍ സിങ് എന്നതാണ് കൌതുകകരമായ കാര്യം. എന്നാല്‍ തന്നോട് കൂടിയാലോചിക്കാതെയായിരുന്നു ഈ നിയമനമെന്നും താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നും സത്‍വീര്‍ സിങ് അവകാശപ്പെട്ടു.

ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ വോട്ടെടുപ്പ്. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News