മോദി പോത്ത് പരാമർശം നടത്തിയ ഗുജറാത്ത് സീറ്റിൽ ബിജെപി തോറ്റു
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമർശം നടത്തിയ ഗുജറാത്തിലെ ബനസ്‌കന്ദ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന് അട്ടിമറി ജയം. പാർട്ടി സ്ഥാനാർത്ഥി ജെനിബെൻ നഗാജി താക്കോർ 30406 വോ്ട്ടിനാണ് ബിജെപിയുടെ രേഖാബെൻ ചൗധരിയെ പരാജയപ്പെടുത്തിയത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്. ഇതോടെ 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ ക്ലീൻസ്വീപ്പ് ഇത്തവണ ആവർത്തിക്കാനായില്ല.
ബിജെപിയുടെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമായിരുന്നു ബനസ്‌കന്ദ. 2019ൽ 368,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി പർബത് ഭായ് പട്ടേൽ ഇവിടെ നിന്ന് ജയിച്ചിരുന്നത്. താക്കോർ സമുദായത്തിന്റെ പിന്തുണ കൂടി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ നിർണായകമായി. ആകെ പോൾ ചെയ്ത വോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 671883 വോട്ടുകിട്ടി. 641477 വോട്ടു മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബനസ്‌കന്ദ മണ്ഡലത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ പോത്ത് പരാമർശം നടത്തിയത്. വിവാദമായ അനന്തരാവകാശ നികുതിയുമായി ബന്ധപ്പെടുത്തി, കോൺഗ്രസ് അധികാരത്തിലേറിയിൽ അവർ നിങ്ങളുടെ പോത്തിനെ വരെ മോഷ്ടിക്കും എന്നായിരുന്നു മോദിയുടെ പ്രസ്താവന.
'കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിച്ചാൽ നിങ്ങളുടെ പക്കലുള്ള രണ്ട് പോത്തുകളിൽ ഒന്നിനെ അവർ കട്ടെടുത്തു കൊണ്ടുപോകും. കോൺഗ്രസ് നിങ്ങളുടെ ഭൂമി തട്ടിപ്പറിക്കും. നിങ്ങളുടെ സ്വർണവും താലിമാലയും കവരും. ഇതവരുടെ പ്രകടന പത്രികയിലുണ്ട്.' - എന്നാണ് മെയ് ഒന്നിന് നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നത്.
ക്ഷീരകർഷകർ ഏറെയുള്ള സ്ഥലമാണ് വടക്കൻ ഗുജറാത്തിലെ സ്ഥലമാണ് ബനസ്‌കന്ദ. താക്കോർ സമുദായത്തിലെ ബഹുഭൂരിപക്ഷം പേരും ഡയറി ഫാമിങ്ങുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്. സമുദായത്തിന് അകത്ത് ജെനിബെൻ താക്കോറിനുള്ള സ്വാധീനവും ഗ്രാമീണ മേഖലയിൽ ബിജെപിക്കെതിരെ നിലനിൽക്കുന്ന കർഷക രോഷവുമാണ് വിധിയിൽ പ്രതിഫലിച്ചത്. താക്കോർ സമുദായത്തിൽനിന്ന് ആദ്യമായി പാർലമെന്റിലെത്തുന്ന വനിതയാണ് ജെനിബെൻ.
'എന്നിൽ വിശ്വാസമർപ്പിച്ച ബനസ്‌കന്ദയിലെ ജനങ്ങൾക്ക് നന്ദി. ബിജെപിയുടെ പണത്തെയും മസിൽ പവറിനെയുമാണ് പരാജയപ്പെടുത്തിയത്. ബനസ്‌കന്ദ ഡയറി, ബനസ്‌കന്ദ ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെ ദുരുപയോഗിച്ചതിന് എതിരെയുള്ള വിധി കൂടിയാണിത്.' - അവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ തട്ടകത്തിൽ ആനന്ദ്, പാടൺ തുടങ്ങിയ മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ബിജെപി ഏകപക്ഷീയമായ വിജയം കണ്ടു. ക്ഷത്രിയ രോഷം കണ്ട രാജ്‌കോട്ട് സീറ്റിൽ കേന്ദ്രമന്ത്രി പർഷോത്തം രുപാല 4.8 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.