യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയവരെ ഏറ്റമുട്ടലിൽ വധിക്കണം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
യോഗി സർക്കാറിന്റെ മാതൃകയിലുള്ള നടപടികൾ കർണാടക സർക്കാറും സ്വീകരിക്കണം. എങ്കിൽ മാത്രമേ സർക്കാറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അധികാരത്തിൽ തുടരുന്നതുകൊണ്ട് എന്താണ് കാര്യമെന്നും രേണുകാചാര്യ ചോദിച്ചു.
ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബിജെപി എംഎൽഎ രേണുകാചാര്യ. കുറ്റക്കാരെ ഏറ്റുമുട്ടലിൽ വധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി കൈക്കൊള്ളുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ രാജിവെക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഹെന്നാലിയിൽനിന്നുള്ള ബിജെപി എംഎൽഎയാണ് രേണുകാചാര്യ. അധികാരത്തേക്കാൾ തനിക്ക് പ്രധാനം ഹിന്ദു പ്രവർത്തകരുടെ സംരക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വീറ്റുകളിലൂടെയായിരുന്നു ആചാര്യയുടെ പ്രതികരണം. ഹിന്ദു പ്രവർത്തകർ കൊല്ലപ്പെടുമ്പോഴെല്ലാം നാം അനുശോചിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യും. വെറും ഓം ശാന്തി പോസ്റ്റുകൾ കൊണ്ട് യാതൊരു കാര്യവുമില്ല. ആളുകൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കിൽ ദുർമാർഗികളെ തെരുവിൽവെച്ച് എൻകൗണ്ടർ ചെയ്യണം-രേണുകാചാര്യ ട്വീറ്റ് ചെയ്തു.
യോഗി സർക്കാറിന്റെ മാതൃകയിലുള്ള നടപടികൾ കർണാടക സർക്കാറും സ്വീകരിക്കണം. എങ്കിൽ മാത്രമേ സർക്കാറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അധികാരത്തിൽ തുടരുന്നതുകൊണ്ട് എന്താണ് കാര്യമെന്നും രേണുകാചാര്യ ചോദിച്ചു. ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ സർക്കാറിന് സാധിക്കുമെങ്കിൽ മാത്രമേ താൻ സർക്കാറിൽ തുടരുകയൂള്ളൂവെന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രവീൺ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിലായി. സവനൂർ സ്വദേശി സക്കീർ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സക്കീർ. സക്കീറിനെതിരെ നേരത്തെയും കേസുകളുണ്ട്. അറസ്റ്റിലായവർ ഗൂഢാലോചന നടത്തിയവരാണെന്നും സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്‌തെന്നും ദക്ഷിണ കന്നഡ എസ്പി പറഞ്ഞു. കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവിൽ ചൊവ്വാഴ്ച രാത്രിയാണ് യുവമോർച്ച പ്രാദേശിക നേതാവായ പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്.തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.