'സ്വാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും' ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജി വച്ചു

താഴെത്തട്ടിലെ പ്രവര്‍ത്തകരേയും പ്രായമായവരേയും പരിഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ഇനാംദാറിന്റെ രാജി.

Update: 2024-03-19 09:15 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വഡോദര: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ത്തി ബിജെപി എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജിവച്ചു. സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജിക്കത്ത് നല്‍കി. സ്വാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും ഇത് മനസിനുള്ളില്‍ നിന്നും ഉയര്‍ന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വഡോദര ജില്ലയിലെ സാവ്‌ലിയില്‍ നിന്നും മൂന്ന് തവണ എംഎഎല്‍യായ ആയ നേതാവാണ് കേതന്‍ ഇനാംദാര്‍

താഴെതട്ടിലെ പ്രവര്‍ത്തകരേയും പ്രായമായവരേയും പരിഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ഇനാംദാറിന്റെ രാജി. അതേസമയം തന്റെ രാജി സമ്മര്‍ദതന്ത്രമല്ലെന്നും വഡോദരയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി രഞ്ജന്‍ ഭട്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പ് 2020 ജനുവരിയില്‍ കേതന്‍ ഇനാംദാര്‍ രാജികത്ത് നല്‍കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ അത് നിരസിച്ചിരുന്നു.

താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രായമായ പ്രവര്‍ത്തകരെയും പാര്‍ട്ടി വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് കുറുച്ചുകാലമായി തനിക്ക് തോന്നുന്നുവെന്നും നേതൃത്വത്തോട് ഇക്കാര്യം സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

2020ല്‍ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും സ്വാഭിമാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കേതന്‍ ഇനാംദാറിന്റെ മാത്രം ശബ്ദമല്ലെന്നും ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ പാര്‍ട്ടി പ്രവര്‍ത്തകരെ മറക്കരുതെന്ന് താന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കും. പക്ഷേ, ഈ രാജി എന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നത് അനുസരിച്ചുള്ളതാണെന്നും കേതന്‍ പറഞ്ഞു

ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റില്‍ 156 സീറ്റുകളാണ് ബിജെപിക്കുള്ളത്. 26 ലോക്‌സഭാ സീറ്റുകളുള്ള ഗുജറാത്തില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News