പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.എൽ.എ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തന്മയ് ഘോഷ് പറഞ്ഞു
പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിഷ്ണുപൂരിൽ നിന്നുള്ള അംഗമായ തന്മയ് ഘോഷാണ് ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പ്രതികാര രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തന്മയ് ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമ ബംഗാളിന്റെ ക്ഷേമത്തിനായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൈകള്‍ക്ക് ശക്തി പകരേണ്ടത് അത്യാവശ്യമാണെന്നും തന്‍മയ് ഘോഷ് പറഞ്ഞു. മുന്‍ തൃണമൂല്‍ നേതാവായ തന്മയ് ഘോഷ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയില്‍ ചേർന്നത്. 292 അംഗ സഭയിൽ ബി.ജെ.പിക്ക് 77 അംഗങ്ങളാണുള്ളത്.
തന്മയ് ഘോഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത സംസ്ഥാന വിദ്യാഭാസ മന്ത്രി ബ്രതെയ ബസു തെരഞ്ഞെടുപ്പ് തോൽവിക്ക് തൃണമൂൽ കോൺഗ്രസിനോട് പ്രതികാരം ചെയ്യുകയാണ് ബി.ജെ.പിയെന്നും ആരോപിച്ചു. ത്രിപുരയിലും ബി.ജെ.പി എം.എൽ.എ മാർ തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തി വരികയാണെന്നും ബസു പറഞ്ഞു.