പശ്ചിമ ബംഗാളിൽ ബിജെപി പ്രതിഷേധത്തിനിടെ സംഘർഷം, കാർ കത്തിച്ചു; നേതാക്കൾ കസ്റ്റഡിയിൽ
പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാറിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റ് മാർച്ചിലാണ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സെക്രട്ടറിയേറ്റിന് സമീപമുള്ള രണ്ടാം ഹൂഗ്ലി പാലത്തിന് സമീപത്തുവെച്ചാണ് സുവേന്ദു അധികാരി, ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. നിരവധി പ്രവർത്തകരേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്ലാത്തതിനാൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് ശ്രമം, ബിജെപി അധികാരത്തിലെത്തിയാൽ ഇപ്പോൾ ചെയ്യുന്നതിനെല്ലാം പൊലീസ് കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
'നബന്ന അഭിജാൻ' എന്ന പേരിലാണ് ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. സാന്ദ്രഗച്ചി ഏരിയയിൽനിന്ന് തുടങ്ങിയ മാർച്ചിന് സുവേന്ദു അധികാരിയും നോർത്ത് കൊൽക്കത്തയിൽനിന്ന് തുടങ്ങിയ മാർച്ചിന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷുമാണ് നേതൃത്വം നൽകിയത്.