ബി.ജെ.പി ഒരിക്കലും സംവരണം നിര്‍ത്തലാക്കില്ല; കോൺഗ്രസിനെ അതിന് അനുവദിക്കുകയുമില്ല-അമിത് ഷാ

മുത്വലാഖും ആർട്ടിക്കിൾ 370ഉം ഇല്ലാതാക്കാനും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനും പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കാനുമാണ് മോദി ഭൂരിപക്ഷം ഉപയോഗിച്ചതെന്നും അമിത് ഷാ

Update: 2024-05-01 10:53 GMT
Editor : Shaheer | By : Web Desk

അമിത് ഷാ

Advertising

റായ്പൂർ: എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ബി.ജെ.പി ഒരിക്കലും നിർത്തലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്തരമൊരു നടപടിക്ക് കോൺഗ്രസിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചത്തിസ്ഗഢിലെ കോർബയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോൺഗ്രസിന് അമിത് ഷായുടെ മറുപടി.

''കോൺഗ്രസിന് ഒറ്റ ഫോർമുലയേയുള്ളൂ. കള്ളങ്ങൾ ഉച്ചത്തിൽ, പരസ്യമായി, ആവർത്തിച്ചു പറയുക. (പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്) മൂന്നാമൂഴം ലഭിച്ചാൽ അദ്ദേഹം സംവരണം എടുത്തുമാറ്റുമെന്നാണ് അവർ പറയുന്നത്. എന്റെ വ്യാജ വിഡിയോയും അവർ പ്രചരിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ അധികാരത്തിലുണ്ട്. മോദി സംവരണം ഇല്ലാതാക്കിയിട്ടില്ല. ഇനി ഇല്ലാതാക്കുകയുമില്ല''-കട്‌ഘോരയിൽ കോർബയിലെ ബി.ജെ.പി സ്ഥാനാർഥി സരോജ് പാണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു.

മുത്വലാഖും ആർട്ടിക്കിൾ 370ഉം ഇല്ലാതാക്കാനും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനും പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കാനുമാണ് മോദി ഭൂരിപക്ഷം ഉപയോഗിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഞങ്ങൾ സംവരണം ഇല്ലാതാക്കില്ലെന്നു മാത്രമല്ല, അതിന് കോൺഗ്രസിനെ അനുവദിക്കുകയുമില്ല. അത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തിനു വേണ്ടി എന്തിനാണു കള്ളങ്ങൾ പറയുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് അമിത് ഷാ ചോദിച്ചു. ജൂൺ നാലിന് തോൽവി നേരിട്ടാൽ അതിന്റെ പഴി കേൾക്കേണ്ടിവരും. അവർക്ക് ആരോടും ഉത്തരവാദിത്തമില്ല. ജൂൺ നാലിന് കോൺഗ്രസ് തോൽവി ഏറ്റുവാങ്ങിയാൽ സഹോദരനും സഹോദരിയും സുരക്ഷിതരാകും. 80 വയസുള്ള ഖാർഗെയ്ക്കായിരിക്കും എല്ലാ കുറ്റവുമെന്നും അദ്ദേഹം തുടർന്നു.

ബി.ജെ.പിക്ക് മൂന്നാമൂഴം ലഭിച്ചാൽ ചത്തിസ്ഗഢിൽ രണ്ടു വർഷം കൊണ്ട് നക്‌സലിസം ഇല്ലാതാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ഭൂപേഷ്(മുൻ ചത്തിസ്ഗഢ് മുഖ്യന്ത്രി ഭൂപേഷ് ബാഗേൽ) സർക്കാർ നക്‌സലിസത്തിനു പ്രോത്സാഹനം നൽകുകയാണു ചെയ്തത്. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെയും ഉപമുഖ്യമന്ത്രി വിജയ് ശർമയുടെയും നേതൃത്വത്തിൽ ബി.ജെ.പി ഇവിടെ അധികാരത്തിലെത്തിയപ്പോൾ നാലു മാസം കൊണ്ട് 95 നക്‌സലുകളെയാണ് തീർത്തുകളഞ്ഞത്. ജാർഖണ്ഡ്, ബിഹാർ, ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം അഞ്ചു വർഷം കൊണ്ട് മോദി നക്‌സലിസം ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Summary: BJP will neither remove reservation nor allow Congress to do so: Says Amit Shah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News