249 സീറ്റു വരെ, യുപി ബിജെപി നിലനിർത്തുമെന്ന് ടൈംസ് സർവേ; കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ല

2017ൽ 325 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്.

Update: 2022-01-02 08:23 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ-നവ്ഭാരത് സർവേ. 403 അംഗ സഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 230-249 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പറയുന്നത്. സമാജ്‌വാദി പാർട്ടിയാകും മുഖ്യപ്രതിപക്ഷ കക്ഷി. കോൺഗ്രസ് രണ്ടക്കം കടക്കില്ലെന്നും സർവേ പ്രവചിക്കുന്നു. ടൈംസ് നൗ-നവ്ഭാരതിന് വേണ്ടി വെറ്റോയാണ് സര്‍വേ നടത്തിയത്. 

2017ൽ 325 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്. 2017ൽ 48 സീറ്റു കിട്ടിയ സമാജ് വാദി പാർട്ടിക്ക് 137 മുതൽ 152 സീറ്റു വരെ സർവേ പ്രവചിക്കുന്നു. മുൻ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ മായാവതിയുടെ ബിഎസ്പിക്ക് 9-14 സീറ്റുകൾ ലഭിക്കും. പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുന്ന കോൺഗ്രസിന് പ്രവചിക്കുന്നത് നാലു മുതൽ ഏഴു വരെ സീറ്റാണ്. 2017ൽ പാർട്ടിക്കു കിട്ടിയത് ഏഴു സീറ്റാണ്.

ബിജെപി സഖ്യത്തിന് 38.6 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നു ശതമാനം വോട്ടിന്റെ കുറവ്. എസ്.പി സഖ്യത്തിന് 34.4 ശതമാനം വോട്ടുലഭിക്കും. ബിജെപിയുടെ വോട്ടുവിഹിതം 22.2 ശതമാനത്തിൽനിന്ന് 14.1 ശതമാനത്തിലേക്ക് ചുരുങ്ങും.

ഡിസംബർ 16നും 30നുമിടയിലാണ് സർവേ നടത്തിയത്. 21,480 പേരാണ് സർവേയിൽ പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ ബിജെപി കടുത്ത വെല്ലുവിളിയാണ് നേടിരുന്നത്. പിൻവലിച്ച കർഷക നിയമവും ക്രമസമാധാന നില തകർന്നതുമാണ് പ്രതിപക്ഷം പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. അയോധ്യയ്ക്ക് പിന്നാലെ കാശി, മധുര വിഷയങ്ങൾ പ്രചാരണത്തിൽ ബിജെപി ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. 

ഫെബ്രുവരി-മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ കക്ഷികളും-കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി-ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ വോട്ടുകൾ ചിതറിപ്പോകുന്നത് ബിജെപിയുടെ അധികാരത്തുടർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വിദഗധർ പറയുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News