വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നാലു മാസം ആകെ 12.3 കോടി രൂപ ചെലവാക്കിയയിടത്താണ് വെറും 30 ദിവസം കൊണ്ട് മോദിയുടെ പ്രതിച്ഛായ കൂട്ടാനായി ബി.ജെ.പി ഇത്രയും ഭീമമായ തുക പൊടിച്ചിരിക്കുന്നത്

Update: 2024-03-04 16:44 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നിൽകണ്ടും കോടികൾ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.

ഗൂഗിൾ ആഡ്‌സ് ട്രാൻസ്പരൻസി സെന്ററിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ദി ന്യൂസ് മിനുട്ട്' ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിൾ സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നൽകിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകൾ, വിവിധ ആപ്പുകൾ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതിൽ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ടത്. 2019 തെരഞ്ഞെടുപ്പിനുമുൻപുള്ള നാലു മാസം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചിട്ടുള്ളത്.

കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു വേണ്ടിയായിരുന്നു. ഇതിൽ തന്നെ ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, പഞ്ചാബ് ഉൾപ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായും ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.

ജനുവരി 29നും ഫെബ്രുവരി 28നും ഇടയിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 2.34 കോടി രൂപയാണ് യു.പിക്കായി ഒഴുക്കിയത്. തൊട്ടരികെ വരുന്നത് ബിഹാറും ഒഡിഷയും മഹാരാഷ്ട്രയും ഗുജറാത്തുമാണ്. ബിഹാർ-1.87 കോടി, ഒഡിഷ-1.85, മഹാരാഷ്ട്ര-1.84, ഗുജറാത്ത്-1.83 എന്നിങ്ങനെയാണു കണക്കുകൾ. തൊട്ടുപിറകിലുള്ള മറ്റു സംസ്ഥാനങ്ങൾ ഇങ്ങനെയാണ്: മധ്യപ്രദേശ്(1.78 കോടി), ഡൽഹി(1.73), രാജസ്ഥാൻ(1.72) പഞ്ചാബ്(1.58), ഹരിയാന(1.57).

കഴിഞ്ഞ 30 ദിവസത്തിനിടെ 50 വിഡിയോ പരസ്യങ്ങൾക്കായി പത്തു മുതൽ 30 ലക്ഷം വരെ പൊടിച്ചിട്ടുണ്ട് ബി.ജെ.പി. 100 വിഡിയോകൾക്ക് അഞ്ചു മുതൽ പത്തു ലക്ഷം വരെയും ചെലവിട്ടു. 2.5 മുതൽ അഞ്ചു ലക്ഷം വരെ ചെലവഴിച്ച 124ഉം ഒന്നുമുതൽ 2.5 ലക്ഷം വരെ ചെലവിട്ട 109 വിഡിയോകളും ഇതിനു പുറമെയും.

2019 മുതൽ ഇതുവരെയായി ബി.ജെ.പി ആകെ 52,000 ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവാക്കിയത് 79.16 കോടി രൂപയാണ്. അവിടെയാണ് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുമ്പോൾ വെറും ഒരു മാസം കൊണ്ട് 30 കോടി പൊടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ കർണാടകയ്ക്കു വേണ്ടിയാണ് മോദിയും കൂട്ടരും ഏറ്റവും തുക ചെലവിട്ടത്; 8.9 കോടി രൂപ. യോഗിയുടെ തട്ടകവും ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് സമ്മാനിച്ച സംസ്ഥാനവുമായ യു.പിയൊക്കെ അതിനു പിറകിലേ വരുന്നുള്ളൂ. 7.76 കോടി രൂപയാണ് യു.പിക്കു വേണ്ടി ചെലവാക്കിയത്. ഡൽഹി(6.84), ഗുജറാത്ത്(6.1) മധ്യപ്രദേശ്(5.9), ബിഹാർ(4.38), പശ്ചിമ ബംഗാൾ(3.46), തെലങ്കാന(3.18), മഹാരാഷ്ട്ര(മൂന്ന്), ഹരിയാന(2.6) എന്നിങ്ങനെയാണ് ഗൂഗിൾ ആഡ്‌സിനു പൊടിച്ച മറ്റു കണക്കുകൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക നിലനിർത്താനായി ബി.ജെ.പി എത്രമാത്രം കിണഞ്ഞ് അധ്വാനിച്ചിട്ടുണ്ടെന്നു കൂടിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ വാരിയെറിഞ്ഞ പണത്തിന്റെ കരുത്തെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഉജ്ജ്വല പ്രകടനം. എന്നാൽ, ലോക്‌സഭയിലെ ബി.ജെ.പി പരസ്യച്ചെലവിന്റെ കണക്കിൽ ആദ്യ പത്തിൽ പോലും കർണാടക ഇല്ല എന്നതും ശ്രദ്ധേയമാണ്.

ബി.ജെ.പി വിഡിയോകളിലെ 50 ശതമാനവും പരസ്യനയം ലംഘിച്ചെന്നു കാണിച്ചു ഗൂഗിൾ നീക്കംചെയ്തിട്ടുണ്ടെന്നതാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള പരസ്യവുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ചെന്നു മാത്രമാണ് ഗൂഗിൾ കാരണം പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽനിർത്തിയുള്ള പരസ്യങ്ങളെ ഗൂഗിൾ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ, ബി.ജെ.പി വിഡിയോകൾ നീക്കംചെയ്യാനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Summary: BJP spent Rs 30 Cr in 30 days on Google ads ahead of the Lok Sabha elections, targeted mostly north Indian states

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News