'തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ട് കെജ്‍രിവാളിനെ കൊല്ലാന്‍ നീക്കം': ബി.ജെപിക്കെതിരെ എ.എ.പി

വീടിനു മുന്‍പിലെ സെക്യൂരിറ്റി ഉപകരണങ്ങളും സിസിടിവി ക്യാമറകളും അടിച്ചുതകര്‍ത്തു. ഗെയ്റ്റിന് കാവി പെയിന്‍റടിച്ചു

Update: 2022-03-30 12:56 GMT
Advertising

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കൊലപ്പെടുത്താന്‍ ബി.ജെ.പി നീക്കമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ. ഇന്ന് പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ബി.ജെ.പി ഗുണ്ടകള്‍ കെജ്‍രിവാളിന്‍റെ വസതിയിലെത്തിയത്. ഇതിനെ രാഷ്ട്രീയ പ്രതിഷേധമെന്ന് പറയുന്നത് ശരിയല്ല. ഇത് ശരിക്കും ക്രിമിനല്‍ കേസാണെന്നും സിസോദിയ പറഞ്ഞു.

കെജ്‍രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇരുനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‍രിവാളിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരികേഡ് മറികടന്ന പ്രവര്‍ത്തകര്‍ വീടിനു മുന്‍പിലെ സെക്യൂരിറ്റി ഉപകരണങ്ങളും സിസിടിവി ക്യാമറകളും അടിച്ചുതകര്‍ത്തു. വീടിന്‍റെ ഗെയ്റ്റിന് കാവി പെയിന്‍റടിക്കുകയും ചെയ്തു. പ്രതിഷേധം നടക്കുമ്പോള്‍ കെജ്‍രിവാള്‍ വസതിയിലുണ്ടായിരുന്നില്ല. ഗുരുഗ്രാമില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം.

'ദ കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി  പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. അക്രമം നടത്തിയ എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ വീട്ടിൽ എത്താൻ അനുവദിച്ചതിലൂടെ ഡൽഹി പൊലീസ് അക്രമത്തിന് സൗകര്യമൊരുക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാക്കള്‍ ആരോപിച്ചു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ടാക്സ് ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കെജ്‍രിവാള്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയുടെ ടാക്സ് ഒഴിവാക്കുകയും ചെയ്തു. പിന്നാലെയാണ് കെജ്‍‍രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‍രിവാളിന്‍റ വീട് ആക്രമിച്ചത്.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News