ബ്രിജ് ഭൂഷണെ താക്കീത് ചെയ്ത് ബി.ജെ.പി; ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്ര നീക്കം
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ വിഷയത്തിൽ ഇടപെട്ടത്.
ന്യൂഡൽഹി: ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഗുസ്തി ഫെഡ്‌റേഷൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് താക്കീത് നൽകി. എം.പിയുടെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ വിഷയത്തിൽ ഇടപെട്ടത്.
ഉത്തർപ്രദേശിലെ ഗോണ്ട മേഖലയിലെ ശക്തനായ നേതാവാണ് ബ്രിജ് ഭൂഷൺ. ബാഹുബലി നേതാവ് എന്നാണ് ബി.ജെ.പി തന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ബ്രിജ് ഭൂഷൺ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്.
ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ ബ്രിജ് ഭൂഷൺ നടത്തിയ പ്രസ്താവനയാണ് ഗുസ്തി താരങ്ങളുടെ പ്രകോപിപ്പിച്ചത്. തനിക്ക് സ്വാധീനമുണ്ട്, അത് ഉപയോഗിക്കുകയും ചെയ്യുമെന്നായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്. തുടർന്നാണ് സാക്ഷി മാലികിന്റെ വിരമിക്കൽ പ്രഖ്യാപനമുണ്ടായത്. കോൺഗ്രസ് വിഷയത്തിലിടപെടുകയും രാഹുൽ ഗാന്ധി ഗുസ്തി താരങ്ങളുമായി കൂട്ടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സ്ത്രീ വോട്ടർമാർക്കിടയിൽ ബ്രിജ് ഭൂഷൺ വിഷയം വലിയ തിരിച്ചടിയാകുമെന്ന റിപ്പോർട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ വിഷയത്തിലിടപെട്ടത്.